ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് അറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഗുജറാത്ത് മുതൽ വടക്കൻ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ ലഭിക്കുന്നത്.
അതേസമയം നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ശക്തമായ കാറ്റിനും, ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ തീരദേശത്തുള്ളവർക്ക് ജാഗ്രത നിർദേശവുമുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു വിലക്കും ഏർപ്പെടുത്തി.
കാട്ടിൽ സിനിമ– സീരിയൽ ഷൂട്ടിങ് വേണ്ട
കൊച്ചി: സംസ്ഥാനത്തെ സംരക്ഷിത വന മേഖലകൾക്കുള്ളിൽ വാണിജ്യ സിനിമ, ടിവി സീരിയൽ ഷൂട്ടിങ്ങിനുള്ള സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി.
2013ലെ സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, കടുവ സങ്കേതങ്ങള്‍ എന്നിവിടങ്ങളിൽ വാണിജ്യ സിനിമ, സീരിയലുകൾ ചിത്രീകരിക്കാൻ അനുമതി നൽകി കൊണ്ടായിരുന്നു 2013ലെ സംസ്ഥാന സർക്കാർ ഉത്തരവ്.
പുതിയ നിർദേശങ്ങൾ നാലാഴ്ചയ്ക്കകം വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നൽകാനും കോടതി ഉത്തരവിട്ടു.
ഭാവിയിൽ ഇത്തരം ചിത്രീകരണങ്ങൾ അനുവദിച്ചുകൊണ്ട് ഭേദഗതി കൊണ്ടുവരികയോ നിയമനിർമാണം നടത്തുകയോ ചെയ്താൽ അത് കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
2019 പുറത്തിറങ്ങിയ മലയാള സിനിമയായ ‘ഉണ്ട’യുടെ ചിത്രീകരണത്തിനു കാസർകോട് കാറഡുക്ക വനമേഖല ഷൂട്ടിങ്ങിനായി വിട്ടു നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഹൈക്കോടതി ഉത്തരവിലേക്ക് നയിച്ചത്.
അന്ന് ‘ഉണ്ട’യുടെ ഷൂട്ടിങ് സംഘം കാറഡുക്ക റിസർവ് വനമേഖലയിൽ വലിയ തോതിൽ ചുവന്ന മണ്ണ് എത്തിച്ച് റോഡ് നിർമിക്കുകയും സെറ്റുകൾക്ക് വേണ്ടി നിർമാണ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് പെരുമ്പാവൂർ കേന്ദ്രമായ ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ എന്ന സംഘടന ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യം അന്വേഷിക്കാൻ കോടതി കേന്ദ്ര വനം, മന്ത്രാലയത്തിനു നിർദേശം നൽകുകയും ചെയ്തിരുന്നു.
പിന്നാലെ ഇക്കാര്യം പരിശോധിച്ച കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന അധികൃതരാണ് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയത് എന്നും അനുവദിച്ചതിലും അധികം ദിവസം ഷൂട്ടിങ് നടത്താൻ അനുമതി നൽകി എന്നും കണ്ടെത്തി.
തുടർന്ന് സിനിമ ചിത്രീകരണത്തിന് അനുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.
ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യത്തിൽ കർശന നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ആവശ്യമായ നടപടികൾ എടുത്തിരുന്നു എന്നു ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കി.
ഒപ്പം, 2013ലെ ഉത്തരവ് സർക്കാർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഹർജിക്കാരൻ ഈ വിധിക്കെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് ഇന്നത്തെ വിധി വന്നത്.
Summary: The India Meteorological Department (IMD) has issued a yellow alert in Kannur and Kasaragod districts of Kerala today due to the possibility of isolated heavy rainfall. Warnings continue for parts of the state.









