നാളെ മുതൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെ വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ആണുള്ളത്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. ഞായറാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. തിങ്കളാഴ്ച അഞ്ചു ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടൽ ജാഗ്രത നിർദേശം
സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) നാളെ (10/07/2025) രാവിലെ 05.30 മുതൽ 11/07/2025 പുലർച്ചെ 02.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) നാളെ (10/07/2025) രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
കൂടാതെ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി
കോഴിക്കോട്: ബസ് പാലത്തില്‍ ഇടിച്ചുകയറി അപകടം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് വെങ്ങളത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ വെങ്ങളം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ബസ് അമിതവേഗതയിലുമായിരുന്നു എന്നുമാണ് വിവരം. ഇതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരു മീറ്ററോളം കൈവരിയിലേക്ക് ഇടിച്ചുനില്‍ക്കുന്ന തരത്തിലായിരുന്നു ബസ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Summary: The India Meteorological Department (IMD) has issued a warning of isolated rainfall across Kerala. Moderate rain with thunder and lightning is likely in some areas, along with strong winds reaching speeds of 40 to 50 km/h.