ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. നാലംഗ സംഘം ട്രക്കിംഗിനു പോയതിനിടെ അമലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചത്.(Illness while trekking in Uttarakhand; Malayali youth died)
ഇക്കഴിഞ്ഞ ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്. അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ മലമുകളില്‍ വച്ച് അമല്‍ മോഹന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന വിഷ്ണുവാണ് വിവരം നാട്ടില്‍ അറിയിച്ചത്. അമ്മ നേരത്തേ മരണപ്പെട്ട അമലിന്റെ അച്ഛനും സഹോദരനും സഹോദരിയുമാണ് ഉള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.