പണം സ്വീകരിക്കുന്നത് യുപിഐ വഴിയാണോ…?
യുപി ഐ ഇടപാടുകളുടെ പേരിൽ ബംഗളുരൂവിലെ ചെറുകിട വ്യാപാരികൾക്ക് വൻ തുകയുടെ നികുതി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് രാജ്യമെങ്ങുമുള്ള വ്യാപാരികൾ ഭീതിയിൽ.
2021 മുതലുള്ള കണക്കുകൾ പ്രകാരം 40 ലക്ഷം രൂപയിലധികം തുകയുടെ ഇടപാടുകൾ നടന്നവർക്കാണ് ജിഎസ്ടി നോട്ടീസ് ലഭിച്ചത്. ഇതോടെ വ്യാപാരികൾ പലരും ഡിജിറ്റൽ പണം ഇടപാടുകൾ ബഹിഷ്‌കരിച്ചു.
ഇതോടെ എസ്ബിഐ റിസർച്ച് വിഭാഗവും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ചെറുകിട സംരംഭങ്ങളെ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവന്ന് ക്രമവത്കരിക്കാൻ ശ്രമിക്കുന്നത് ജാഗ്രതയോടെ വേണമെന്ന് എസ്ബിഐ റിസർച്ച് നിർദേശിക്കുന്നു.
ചെറുവരുമാനക്കാരിലേക്ക് ജിഎസ്ടി സംവിധാ നം അടിച്ചേൽപ്പിക്കുന്നത് അസംഘടിത മേഖല കറൻസി കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
ജിഎസ്ടി യുടെ എട്ടുവർഷത്തെ പുരോഗതി വിലയിരുത്തിയുള്ള റിപ്പോർട്ടിൽ കർണാടകയിൽ അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് എസ്ബിഐ ഇക്കാര്യം പറയുന്നത്.
കറൻസി ഇടപാടുകൾ വീണ്ടും വരുന്നത് ഇത് ജിഎസ്ടിയുടെയും ഡിജിറ്റൽ ഇടപാടുകളുടെയും മുന്നേറ്റത്തിനു തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക പ്രവർത്തനങ്ങളുടെ യഥാർഥ ചിത്രം കണ്ടെത്തുന്നതിനും നികുതിവെട്ടിപ്പുകൾ കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നല്ലതുതന്നെ. എന്നാൽ, ഇത്തരം നടപടികൾ സന്തുലിതവും സൂക്ഷബോധത്തോടെയുമാകണം സ്വീകരിക്കേണ്ടത്.
പ്രകോപനപരമായ രീതിയിൽ പരിശോധനകൾ നടപ്പാക്കാൻ തുടങ്ങിയാൽ ചെറുകിട സംരംഭകർ അസംഘടിതമായ കറൻസി ഇടപാടുകളിലേക്കു മടങ്ങിപ്പോകാനിടയുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ ക്രമവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകും.
രാജ്യത്തെ സാമ്പത്തിക പ്രവർത്തന ങ്ങൾക്ക് കൃത്യമായ കണക്കുണ്ടാക്കുന്നതിനും വരുമാനം ഉയർത്തുന്നതിനും ജി എസ്ടി ശക്തമായ അടിത്തറയായിട്ടുണ്ട്. ശിക്ഷിക്കുന്നതിനു പകരം ചെറുകിട വ്യാപാരികളെയടക്കം ശക്തിപ്പെടുത്തണം.
എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകുമ്പോഴേ ദീർഘകാലാടിസ്ഥാനത്തിൽ ഈ ശ്രമങ്ങൾ വിജയിക്കൂവെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ ചെറുകിട വ്യാപാരികൾക്ക് നോട്ടീസ് ലഭിച്ച വിവരം രാജ്യമെങ്ങും വാർത്ത ആയതിനെ തുടർന്ന് വ്യാപാരികൾ പലരും യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നില്ല.
Summary:
Small-scale traders in Bengaluru have received massive tax notices related to UPI transactions, sparking fear among traders across the country.