ഹര്‍ദോയ്: തക്കാളി കഴിക്കുന്നത് ഉപേക്ഷിച്ചാല്‍ വില താനേ കുറയുമെന്ന് ഉത്തര്‍പ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി പ്രതിഭ ശുക്ല. തക്കാളിയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ തക്കാളി വീട്ടില്‍ കൃഷി ചെയ്യുകയോ കഴിക്കുന്നത് കുറയ്ക്കുകയോ ചെയ്യണം. അങ്ങനെ വരുമ്പോള്‍ വില കുറയുമെന്ന് പ്രതിഭ ശുക്ല പറഞ്ഞു. യുപി സര്‍ക്കാരിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
”തക്കാളിക്കു വില വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ അത് വീട്ടില്‍ നട്ടുവളര്‍ത്തണം. നിങ്ങള്‍ തക്കാളി കഴിക്കുന്നതു ഒഴിവാക്കിയാല്‍ തക്കാളിയുടെ വില താനേ കുറയും. തക്കാളിക്കു പകരം ചെറുനാരങ്ങ കഴിച്ചാല്‍ മതി. ആരും തക്കാളി കഴിച്ചില്ലെങ്കില്‍ വിലകുറയും”- പ്രതിഭ ശുക്ല പറഞ്ഞു. വിലകൂടിയ സാധനങ്ങളെ എല്ലാം നിങ്ങള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ എല്ലാം വില താനെ കുറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
”അസഹി ഗ്രാമത്തില്‍ നമ്മള്‍ ഒരു ന്യൂട്രിഷന്‍ ഗാര്‍ഡന്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളാണ് ഇത് പരിപാലിക്കുന്നത്. ഇവിടെ നമുക്ക് തക്കാളി കൃഷി ചെയ്യാം. അതാണ് പരിഹാരം. ഇത് പുതിയ കാര്യമല്ല. തക്കാളി എല്ലാക്കാലവും വിലപിടിപ്പുള്ളതാണ്. ”- പ്രതിഭ ശുക്ല പറഞ്ഞു.