ന്യൂഡൽഹി: അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ജൂൺ 18 ന് ലഭിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ. 30,000 അടി ഉയരത്തിൽ 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ദൃഷ്ടി-10-ന് സാധിക്കും. തുടർച്ചയായി 36 മണിക്കൂർ പ്രതിരോധം തീർക്കും. ഇൻ്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷൻസ് റിലേ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ആളില്ലാ വിമാനം സജ്ജമാക്കിയിരിക്കുന്നത്.ദൃഷ്ടി -10 എന്നാണ് ഇതിന്റെ വിളിപ്പേര്. ഇന്ത്യൻ കരസേനയും നാവികസേനയും ഉൾപ്പെടെയുള്ള സേനാ വിഭാഗങ്ങൾക്ക് അദാനി ഡിഫൻസ് സിസ്റ്റംസ് ദൃഷ്ടി -10 ലഭ്യമാക്കും.
ഈ വർഷം ജനുവരിയിൽ നാവികസേനയ്‌ക്ക് ആദ്യത്തെ ഹെർമിസ്-900 കൈമാറിയിരുന്നു. രണ്ടാമത്തെ ഡ്രോണും ഉടൻ ലഭിക്കുമെന്നാണ് വിവരം. മൂന്നാമത്തേത് നാവികസേനയ്‌ക്കും നാലമത്തേത് കരസേനയ്‌ക്കും ലഭിക്കും.
രണ്ട് ഡ്രോണുകളാണ് ഇന്ത്യൻ സൈന്യത്തിന് ലഭിക്കുക. തദ്ദേശീയമായി വികസിപ്പിച്ചതാണ് ഇത്. ആദ്യത്തേതാണ് ജൂൺ 18-ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സേനയ്‌ക്ക് കൈമാറുക. പഞ്ചാബിലെ ഭട്ടിൻഡ താവളത്തിലാകും ഇത് വിന്യസിക്കുക. പാക് അതിർത്തിയിൽ പറന്ന് പ്രതിരോധം തീർക്കാൻ സേനയ്‌ക്ക് മുതൽക്കൂട്ടാകും ഈ ഡ്രോണുകൾ.
ഇത്തരത്തിൽ നിർമിച്ച ഹെറോൺ മാർക്ക് 1, മാർക്ക് 2 ഡ്രോണുകൾ ഇന്ത്യൻ സൈന്യം ഇതിനോടകം ഉപയോഗിക്കുന്നുണ്ട്. ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൽബിറ്റ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് അദാനി ഡിഫൻസ് പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നത്. 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാമഗ്രികളുമാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്.വിതരണം ചെയ്യുന്ന സംവിധാനങ്ങൾ 60 ശതമാനത്തിലധികം തദ്ദേശീയമായിരിക്കണമെന്നും പ്രതിരോധത്തിൽ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ക്ക് കീഴിലായിരിക്കണമെന്നും നിർബന്ധമാക്കുന്ന അടിയന്തര വ്യവസ്ഥകൾക്ക് കീഴിലാണ് ഡ്രോണുകൾക്ക് ഇന്ത്യൻ സൈന്യം ഓർഡർ നൽകിയത്.