എസ്തർ ജോയ്സ്
പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ തകർച്ച, രൂക്ഷമായ തൊഴിലില്ലായ്മ, വർഷങ്ങളായി തുടരുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ, സിന്ധു നദീജല ഉടമ്പടിയുടെ താൽക്കാലിക റദ്ദാക്കൽ, രാഷ്ട്രീയ അസ്ഥിരത ഒപ്പം അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളും..
ഏതാണ്ട് തളർച്ചയിലോടുന്ന എഞ്ചിനാണ് പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ. പ്രതിസന്ധിയിലാണ്ട രാജ്യം കരകയറാനുള്ള വഴികൾ കണ്ടെത്തുന്നതേയുള്ളൂ. അതിനിടെയാണ് പാക് പിന്തുണയിൽ പ്രവർത്തിക്കുന്ന ഭീകരസംഘടന കശ്മീരിൽ സാധാരണക്കാരായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയത്.
പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിന് തിരിച്ചടി നൽകികൊണ്ട് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുടങ്ങിയ ഏറ്റുമുട്ടൽ അപ്രഖ്യാപിത യുദ്ധമാകുമെന്ന ഘട്ടം വന്നപ്പോഴാണ് വെടിനിർത്തലിന് പാക്കിസ്ഥാൻ സന്നദ്ധരായത്.
ഇന്ത്യയുടെ പ്രതിരോധ ബജറ്റിനോട് കിടപിടിക്കാൻ കഴിയില്ലെങ്കിലും കഴിഞ്ഞ വർഷം ഏതാണ്ട് 1100 കോടിയാണ് പാകിസ്ഥാൻ പ്രതിരോധ മേഖലക്കായി നീക്കിവെച്ചത്. പാകിസ്ഥാൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ വലിയൊരു പങ്കാണ് ഇത്. നിലവിൽ 120 ബില്യൺ ഡോളർ ആണ് പാക്കിസ്ഥാന്റെ വിദേശ കടം.
പാക്കിസ്ഥാന് കൂടുതലായും സഹായം നൽകിയിരുന്നത് ചൈനയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫു)മായിരുന്നു. സാമ്പത്തികം എന്നത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇന്ത്യയുമായുള്ള സംഘർഷം പാക്കിസ്ഥാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.
ഉയർന്ന വിദേശ കടം, കുറഞ്ഞ വിദേശനാണ്യ ശേഖരവും ഉൾപ്പെടെ ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളാണ് പാകിസ്ഥാൻ നിലവിൽ നേരിടുന്നത്. 2024 ൽ മൊത്തം വിദേശ കടം 130 ബില്യൺ ഡോളറിലധികം ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ 20 ശതമാനത്തിലധികവും ചൈനയുടേതാണ്.
പാക്കിസ്ഥാന്റെ നിലവിലെ വിദേശ നാണയ ശേഖരം ഏകദേശം 15 ബില്യൺ ഡോളർ മാത്രമാണ്. മൂന്ന് മാസത്തെ ഇറക്കുമതിക്ക് മാത്രമാകും ഇതുകൊണ്ട് പര്യാപ്തമാവുക.
സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ പൊതു കടം 22 ബില്യൺ ഡോളറിലധികം ആകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയായാൽ രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദേശ നാണയ ശേഖരം വളരെ കുറവാണ്.
സംഘർഷം ജനസംഖ്യയുടെ 40 ശതമാനം പേർ ജോലി ചെയ്യുന്ന പാകിസ്ഥാന്റെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും ഇന്ത്യയുമായുള്ള പരിമിതമായ സൈനിക ആക്രമണങ്ങൾ പോലും ഗുരുതരമായ സാമ്പത്തിക, മാനുഷിക നാശത്തിന് കാരണമാകുമെന്നും വിദഗ്ധർ പറഞ്ഞിരുന്നു. കൂടുതൽ സംഘർഷം ഒഴിവാക്കുന്നതാണ് രാജ്യത്തിന്റെ നിലനിൽപ്പിന് ഉചിതമെന്നും അഭിപ്രായങ്ങളുയർന്നു.
പാക്കിസ്ഥാനിലെ നിലവിലെ പണപ്പെരുപ്പം 38 ശതമാനം ആണ്. പണപ്പെരുപ്പം 38 ശതമാനമായി ഉയർന്നതോടെ പാകിസ്താൻ ശ്രീലങ്കയെ മറികടന്നിരുന്നു. 25.2 ശതമാനമാണ് ശ്രീലങ്കയിലെ പണപ്പെരുപ്പം. കൂടാതെ ജനസംഖ്യയുടെ 50 ശതമാനം ദാരിദ്രരേഖക്ക് താഴെയാണ്.
പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം 7.2 ബില്യൺ ഡോളറിൽ കൂടുതലായി കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം ഒന്നര മാസത്തെ ഇറക്കുമതിക്ക് മാത്രമേ തികയു.
ഫെബ്രുവരിയിലെ ഫിച്ച് റിപ്പോർട്ട് പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 13 ബില്യൺ ഡോളർ ദ്വിരാഷ്ട്ര നിക്ഷേപം ഉൾപ്പെടെ 22 ബില്യൺ ഡോളറിലധികം പൊതു ബാഹ്യകടത്തിന്റെ കാലാവധി പൂർത്തിയാകുന്നതിനാൽ ഫണ്ടിംഗ് ആവശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കരുതൽ ശേഖരം കുറവാണ്.
ഐഎംഎഫിന്റെ 37 മാസത്തെ വിപുലീകൃത ഫണ്ട് ഫെസിലിറ്റി പ്രോഗ്രാമിൽ ബെയ്ൽഔട്ട് കാലയളവിലെ ആറ് അവലോകനങ്ങൾ ഉൾപ്പെടുന്നു.
കൂടാതെ ഏകദേശം 1 ബില്യൺ ഡോളറിന്റെ അടുത്ത ഗഡു പുറത്തിറക്കുന്നത് പ്രകടന അവലോകനത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കും.
2024 സെപ്റ്റംബറിൽ ഐഎംഎഫിൽ നിന്ന് 7 ബില്യൺ ഡോളർ നേടാൻ പാകിസ്ഥാന് കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ പൂർണ്ണ തകർച്ചയിൽ നിന്നും ഉയർന്നുവരാൻ പാകിസ്ഥാനെ കുറച്ചെങ്കിലും സഹായിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പാകിസ്താനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലുമായി ചൈന വലിയ തോതിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ട്.
റോഡ്, റെയിൽ, ഊർജ്ജം, തുറമുഖങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ചൈനയുടെ സാമ്പത്തിക സഹായവും സാങ്കേതിക വിദഗ്ധരും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് നിൽക്കുന്ന ഒരു സർക്കാരും ശക്തമായ സൈനിക ഭരണകൂടവും പാകിസ്താനിൽ ഉള്ളതാണ് ഇത്രയധികം നിക്ഷേപം നടത്താൻ ചൈനയെ പ്രേരിപ്പിച്ച പ്രധാന ഘടകം.
കേവലം സാമ്പത്തിക ലാഭത്തിനപ്പുറം, ഇന്ത്യയ്‌ക്കെതിരേ ഒരു തന്ത്രപരമായ പങ്കാളിയായും പ്രാദേശിക ശക്തിയായും ചൈന പാകിസ്താനെ കാണുന്നു.
രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള ഏതൊരു സംഘർഷവും പാകിസ്ഥാന് വളരെ ചെലവേറിയതായിരിക്കും. ഒരു സൈനിക ഏറ്റുമുട്ടലിന്റെ ആഘാതം ഇന്ത്യക്കും നേരിടേണ്ടി വരും.
എന്നാൽ പാകിസ്ഥാന് നേരിടേണ്ടി വരുന്നത് പോലെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതം ഇന്ത്യക്ക് ഉണ്ടാകില്ലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പാകിസ്ഥാനിലെ സാധാരണക്കാർക്കോ സ്ഥാപനങ്ങൾക്കോ യാതൊരു കേടുപാടും വരുത്താതെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം സംഘർഷം ഒരു യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കാൻ പാകിസ്ഥാൻ തന്നെയാണ് വഴിയൊരുക്കിയത്.
അപ്പോഴും അവരെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് സാമ്പത്തികമാണ്. മുഴുനീള യുദ്ധത്തിലേക്ക് പോയാൽ ചിലവുകൾ എങ്ങനെ താങ്ങും എന്നത് വലിയ ചോദ്യചിഹ്നമാണ്.
പാകിസ്ഥാനെതിരായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബിഎൽഎ)യുടെ നീക്കങ്ങൾ എന്നും തലവേദനയാണ്. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പതിറ്റാണ്ടുകളായി സായുധ കലാപം നിലനിൽക്കുന്നുണ്ട് ഇവിടെ.
പാകിസ്ഥാന്റെ ഏറ്റവും വലിയ തലവേദനകളിൽ ഒന്നായി ബലൂചിസ്ഥാൻ ഇപ്പോഴും തുടരുകയാണ്. ഇന്ത്യയുമായുള്ള സംഘർഷം നീണ്ടാൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ആക്രമണം ചെറുത്ത് നിർത്താനാവില്ലെന്നും പാക്കിസ്ഥാന് അറിയാം.
പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലുമായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ബലൂചിസ്ഥാൻ. ഇറാനിയൻ പീഠഭൂമിയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നതും ഇന്ത്യൻ ഫലകത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതുമായ ബലൂചിസ്ഥാൻ വിസ്തീർണ്ണം അനുസരിച്ച് പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായും ബലൂചിസ്ഥാൻ അതിർത്തി പങ്കിടുന്നുമുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖല ഏറ്റവും വിഭവ സമ്പന്നമായ പ്രദേശങ്ങളിൽ ഒന്നാണ്. വേണമെങ്കിൽ ഒരു നിധി ശേഖരം എന്ന് തന്നെ പറയാം.
യൂറോപ്പ് മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ വ്യാപിച്ചുകിടക്കുന്ന ധാതു സമ്പുഷ്ടമായ പ്രദേശമാണ് ബലൂചിസ്ഥാനിലെ ചഗായി. വെള്ളി, ഇരുമ്പ്, ചെമ്പ്, മാർബിൾ, സ്വർണ്ണം തുടങ്ങിയ സമ്പന്നമായ പ്രകൃതി വിഭവങ്ങൾക്ക് പേരുകേട്ട പ്രദേശമാണ് ഇത്.
എണ്ണയും പ്രകൃതിവാതകവുമെല്ലാം ഇവിടെ ധാരാളമുണ്ട്. കൂടാതെ, സമീപത്തുള്ള റെക്കോ ഡിക്ക് ഖനിയിൽ ഏകദേശം 5.9 ബില്യൺ ടൺ അയിര് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ഉപയോഗിക്കാത്ത കരുതൽ ശേഖരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
ഏകദേശം 3,47,190 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബലൂചിസ്ഥാൻ പാകിസ്ഥാന്റെ (ഏകദേശം 8,81,913 ചതുരശ്ര കിലോമീറ്റർ) മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം 40 ശതമാനത്തോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതിനാൽ, ബലൂചിസ്ഥാൻ പാകിസ്ഥാൻ വിടാൻ തീരുമാനിച്ചാൽ പാകിസ്ഥാന് കോടിക്കണക്കിന് മൂല്യമുള്ള വിഭവങ്ങളും അതിന്റെ വിസ്തൃതിയുടെ പകുതിയോളവും നഷ്ടപ്പെടുമെന്ന് ചുരുക്കം.









