ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമാണം നീണ്ടുനിൽക്കുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വീണ്ടും സമരത്തിലേക്ക്.
ക്ലാസ് ആരംഭിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ആവശ്യമായ ക്ലിനിക്കൽ പഠന സൗകര്യങ്ങൾ ലഭ്യമല്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
നിലവിൽ ജില്ല ആശുപത്രിയിലെ ഒരേയൊരു ഓപ്പറേഷൻ തിയേറ്ററിൽ പരിശീലനം നടത്തേണ്ട അവസ്ഥയാണ്.
രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും
മോഡുലാർ തിയേറ്റർ കോംപ്ലക്സിന്റെ പണി ഇഴയുന്നു
ആറ് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളുള്ള കോംപ്ലക്സിന്റെ നിർമാണം വർഷങ്ങൾക്ക് മുൻപേ ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.
കിറ്റ്കോയാണ് നിർമാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. ഓക്സിജൻ ഉൾപ്പെടെയുള്ള പൈപ്പുകൾ സ്ഥാപിച്ച സ്ഥാനത്ത് മാറ്റം വന്നതോടെ പുനഃക്രമീകരണ ജോലികൾ വൈകുകയാണ്.
ഇതിനായി 3.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പണി പൂർത്തിയാകാത്തതിനാൽ ഉപകരണങ്ങൾ എത്തിക്കാനാകുന്നില്ല.
11 കെവി വൈദ്യുതി ലൈനിന്റെ ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല.
റോഡുകളുടെ ദയനീയാവസ്ഥയും പ്രതിഷേധത്തിന് കാരണമായി
മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിലെ റോഡുകളുടെ സ്ഥിതിയും അതീവ ദയനീയമാണ്.
ഏകദേശം ഒരു കിലോമീറ്റർ വരുന്ന റോഡ് പണിക്ക് 16.5 കോടി രൂപ സർക്കാർ അനുവദിക്കുകയും രണ്ട് വർഷം മുൻപ് കരാർ നൽകുകയും ചെയ്തിരുന്നു.
എന്നാൽ കിറ്റ്കോയും കരാറുകാരനും തമ്മിലുള്ള തർക്കം മൂലം ഇതുവരെ പണികൾ ആരംഭിച്ചിട്ടില്ല.
നിവേദനങ്ങൾ ഫലം കണ്ടില്ല
ലക്ചർ ഹാളുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ടു നിവേദനം നൽകിയിട്ടും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെന്നും ഇതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചതെന്നും വിദ്യാർത്ഥികൾ പറയുന്നു.
English Summary:
Medical students at Idukki Medical College have resumed protests, demanding the speedy completion of operation theatres and basic infrastructure. Even after three years of classes, delays in construction, poor campus roads, and lack of clinical facilities have severely affected medical training.









