അട്ടപ്പാടിയിൽ ആംബുലൻസ് സൗകര്യം ലഭ്യമാവാത്തതിനെത്തുടർന്ന് ചികിത്സ വൈകിയ ആദിവാസി വയോധികൻ മരിച്ചു. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ (56) ആണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ചെല്ലൻ മരിച്ചത്. രണ്ട് ദിവസം മുൻപ് വനത്തിൽ ആടിനെ മേയ്ക്കാൻ പോയ ചെല്ലൻ വൈകീട്ടോടെ തിരിച്ചെത്താത്തതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് വനത്തിൽ ബോധരഹിതനായി കണ്ടെത്തിയത്. തുടർന്ന് ഒന്നര കിലോമീറ്ററോളം കാൽനടയായി ചുമന്നുകൊണ്ടാണ് ഇയാളെ ആംബുലൻസിൽ കയറ്റി കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ വിദഗ്ധ ചികിത്സക്കായി ചെല്ലനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ ഐസിയു ആംബുലൻസിനായി നാലു മണിക്കൂർ കാത്തിരിക്കേണ്ടതായി വന്നു. ചികിത്സ വൈകിയതാണ് മരണകാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. രണ്ടു ദിവസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെല്ലൻ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓട്ടോയിൽ മരം വീണ് പരിക്കേറ്റ ആൾ ചികിത്സ വൈകി മരിച്ചിരുന്നു. പിന്നാലെയാണ് ഇത്തരത്തിൽ മറ്റൊരു മരണം കൂടി സംസ്ഥാനത്ത് നടക്കുന്നത്.