തിരുവനന്തപുരം: “ചേട്ടാ ജ്യൂസിൽ ഐസ് കൂടുതലിട്ടോ” എന്ന് പറയുന്നവർ രണ്ടാമതൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. കടകളിൽ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണോയെന്ന് ഉറപ്പുവരുത്തി വേണം കഴിക്കാൻ. ജ്യൂസ് കുടിക്കാനെത്തുന്നവർക്ക് ഇത് പരിശോധിക്കാൻ സാധിക്കാത്തതിനാൽ കച്ചവടക്കാർ മുൻകരുതൽ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്. ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുതെന്നും മന്ത്രി പറഞ്ഞു.
കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വേനൽ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാൽ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതാണ്. കടകളിൽ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
കുപ്പിവെള്ളം വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുപ്പിവെള്ളത്തിൽ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.
പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.
കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
കടകളിൽ വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങിക്കാതിരിക്കുക.
കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.