ചെന്നൈ: ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ആറാം കിരീടം ലക്ഷ്യമാക്കി എത്തിയ ഓസ്‌ട്രേലിയയാണ് എതിരാളികൾ. ചെന്നൈ ചിദംബര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഇന്ത്യ- ഓസ്ട്രേലിയ മത്സരം. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ടീമിനെ ബാധിച്ചേക്കാം. അതേസമയം ഗില്ലിനു പകരം ഇഷാൻ കിഷൻ എത്തിയേക്കുമെന്നതും ആത്മവിശ്വാസം പകരുന്നു. ഏഴ് ലോകകപ്പ് മത്സരങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ചെപ്പോക്ക് സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്. ഈ ഏഴു ലോകകപ്പിൽ മൂന്നെണ്ണത്തിലും വിജയിച്ചത് ഓസ്ട്രേലിയ ആയിരുന്നു.
ലോക റാങ്കിങ്ങിലെ ഒന്നും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. ബാറ്റിങ് നിരയിൽ ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളി ഉയർത്താൻ രോഹിത് ശർമയും വിരാട് കോഹ്ലിയുമടങ്ങുന്ന ഇന്ത്യൻ നിര ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടിയ രോഹിത് ഇത്തവണയും ഫോമിലേക്ക് ഉയർന്നാൽ ഓസ്‌ട്രേലിയ വിയർക്കും. സ്പിന്നേഴ്‌സ് ആയി ആര്‍ അശ്വിനും കുല്‍ദീപ് യാദവും ഇലവനിലുണ്ടാവും. ചെന്നൈ പിച്ചിനെ നന്നായി അറിയുന്ന രവീന്ദ്ര ജഡേജയും ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ഇന്ത്യയ്ക്ക് അനായാസ വിജയം സ്വന്തമാക്കാം. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം ഹാര്‍ദിക് പാണ്ഡ്യയും പേസ് നിരയില്‍ ഉണ്ടാകും.
മറുഭാഗത്ത് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമടങ്ങുന്ന നിരയും കരുത്തരാണ്. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് ഇന്ന് മത്സരത്തിനിറങ്ങിയേക്കില്ല. മൊഹാലിയില്‍ നടന്ന ഏകദിന മത്സരത്തില്‍ കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ലെഗ് സ്പിന്നര്‍ ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലുമായിരിക്കും ഓസീസിന്റെ സ്പിന്‍ ആക്രമണങ്ങള്‍ക്ക് മുൻപന്തിയിൽ. പരിക്കേറ്റ ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന് പകരക്കാരനായാണ് മധ്യനിര ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നെ ടീമിലെടുത്തത്. നായകന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമടങ്ങിയ പേസ് നിരയും ഓസീസിന് കരുത്തു പകരും.
ചെപ്പോക്കിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ ഇന്ത്യ ഒരു മത്സരവും ഓസ്ട്രേലിയ രണ്ട് മത്സരങ്ങളും ജയിച്ചു. ചെപ്പോക്കിൽ ഇരുവരും തമ്മിൽ ഒരു ഏകദിന മത്സരം മാത്രമാണ് നടന്നിട്ടുള്ളത്. 1987 ലോകകപ്പിൽ കളിച്ച ഈ മത്സരത്തിൽ ഓസ്‌ട്രേലിയ ഒരു റണ്ണിന് വിജയിക്കുകയായിരുന്നു. അതേസമയം ഇന്നത്തെ കളിയ്ക്ക് മഴ വില്ലനാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.