ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ട്വന്റി 20 റാങ്കിംഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ വനിതാ താരങ്ങൾ. ബൗളിംഗിൽ ഇന്ത്യയുടെ ദീപ്തി ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. മറ്റൊരു ഇന്ത്യൻ താരം രേണുക സിംഗിന്റെ സ്ഥാനവും ഉയർന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തേയ്ക്കാണ് രേണുക ഉയർന്നത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോണ്‍ ആണ് ഒന്നാം സ്ഥാനത്ത്.
അതിനിടെ ദീപ്തി ശർമ്മ ഉത്തർപ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ് സ്ഥാനത്തേക്ക് നിയമിതയായി. ഉത്തർപ്രദേശ് സർക്കാരാണ് ഇന്ത്യൻ താരത്തിന് പ്രത്യേക അംഗീകാരം നൽകിയത്. 26 കാരിയായ താരം ഇന്ത്യൻ ടീമിനായി നടത്തുന്ന സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. മൂന്ന് കോടി രൂപയുടെ ക്യാഷ് അവാർഡും സർക്കാർ താരത്തിന് കൈമാറി.
കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ ദീപ്തി ശർമ്മ അംഗമായ ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലായിരുന്നു നേട്ടം. 2023 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ദീപ്തി ശർമ്മയാണ് സ്വന്തമാക്കിയത്.
അതേസമയം ട്വന്റി20 ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങൾക്ക് മാറ്റങ്ങളില്ല. ദീപ്തി ശർമ്മ നാലാം സ്ഥാനത്ത് തുടരുകയാണ്. ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരമാണുള്ളത്. നാലാം സ്ഥാനത്ത് സ്മൃതി മന്ദാന തുടരുന്നു. ജമീമ റോഡ്രിഗ്സ് 13, ഷെഫാലി വർമ്മ 16, ഹർമ്മൻപ്രീത് കൗർ 17 തുടങ്ങിയ സ്ഥാനങ്ങളിലും തുടരുന്നു.
Read Also: ജഡേജയ്ക്ക് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല