ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ നിര്‍ണായക മത്സരത്തിൽ ടോസ് ജയിച്ച ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു.
തുടര്‍ച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റൻ രോഹിത് ശര്‍മ മാത്രം കൈവിടുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ പതിനഞ്ചാം ടോസാണ് നഷ്ടമായത്.
ഓസ്ട്രേലിയക്കെതിരായ നടന്ന സെമി ഫൈനല്‍ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ സെമി മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുത്ത പേസർ മാറ്റ് ഹെന്‍റി പരിക്കു മൂലം പുറത്തായപ്പോള്‍ നഥാന്‍ സ്മിത്ത് കിവീസിന്‍റെ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു.
രണ്ടാം ഐസിസി കീരീടം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ട് വര്‍ഷത്തിനിടെ രോഹിത് ശര്‍മക്ക് കീഴില്‍ മൂന്നാം ഐസിസി ഫൈനലിനിറങ്ങുമ്പോൾ കണക്കിലും താരത്തിളക്കത്തിലും ഇന്ത്യ തന്നെയാണ് മുന്നിൽ. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയിരുന്നു.
എന്നാല്‍ ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ നാല് മത്സരങ്ങളിൽ മൂന്നിലും ജയം കിവീസിനൊപ്പമാണ്. ഇക്കുറി ദുബായിൽ മാത്രം കളിച്ച, ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയും സംഘവും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
ടി20 ലോകകപ്പില്‍ കിരീടം നേടി വിരമിച്ച പോലെ ചാമ്പ്യൻസ് ട്രോഫി നേടി രോഹിത്തും കോലിയും എകദിനങ്ങളോട് ബൈ പറയുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു.
ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: വിൽ യങ്, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), കെയ്ൽ ജാമിസൺ, വില്യം ഓറൂർക്ക്, നഥാന്‍ സ്മിത്ത്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എല്‍ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
–