കണ്ണൂര്‍: തന്നെ വധിക്കാന്‍ സിപിഎമ്മിനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എന്റെ ജീവനെടുക്കാന്‍ ദൈവം വിചാരിക്കണം. എങ്കിലേ നടക്കൂ.സുധാകരന്‍ പറഞ്ഞു. സുധാകരനെ കൊലപ്പെടുത്താന്‍ സിപിഎം ആളുകളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ഫെയ്‌സ്ബുക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തായാലും പാര്‍ട്ടിയിലുണ്ടായിരുന്ന കാലത്ത് അറിയാമായിരുന്ന ഇക്കാര്യം ശക്തിധരന്‍ ഇപ്പോള്‍ പുറത്തു പറഞ്ഞത് നന്നായി എന്ന് സുധാകരന്‍ പറഞ്ഞു. ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ഒരു നന്ദി പറയാന്‍ അദ്ദേഹത്തെ വിളിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നും, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുധാകരന്‍ പറഞ്ഞു.
”പലവട്ടം പലയിടങ്ങളില്‍ എന്നെ കൊല്ലാന്‍ സിപിഎം ആളുകളെ വച്ചിരുന്നുവെന്ന് അറിയാം. കൂത്തുപറമ്പില്‍ ഒരു പൊതുയോഗത്തിന് പോയപ്പോള്‍ ചായ കുടിക്കാന്‍ പോകുമെന്ന് പ്രതീക്ഷിച്ച് വീടിന് മുന്‍പിലുള്ള കല്ലുവെട്ടുകുഴിയില്‍ സിപിഎമ്മുകാര്‍ കാത്തിരുന്ന ദിവസമുണ്ട്. പക്ഷേ, എന്റെ ആയുസ്സിന്റെ നീളംകൊണ്ട് ഞാന്‍ ചായ കുടിക്കാന്‍ പോയില്ല. അതുകൊണ്ട് ജീവന്‍ രക്ഷപ്പെട്ടതാണ്. അങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങള്‍ മറികടന്നാണ് ഞാന്‍ ഇവിടെയെത്തിയത്. എന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ല. ഞാന്‍ ദൈവ വിശ്വാസിയാണ്. ദൈവം വിചാരിച്ചാലേ അതു നടക്കൂ. ഐ ആം കോണ്‍ഫിഡന്റ് ഫുള്ളി എബൗട്ട് ഇറ്റ്.’- സുധാകരന്‍ പറഞ്ഞു.
” ശക്തിധരന്‍ ഇപ്പോഴെങ്കിലും അതു പറഞ്ഞത് നന്നായി. ആ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് അറിയാമായിരുന്ന ഒരു കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞത് നല്ലൊരു കാര്യമായി ഞാന്‍ കാണുന്നു. ഇത്തരം വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അവര്‍ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇക്കാര്യത്തില്‍ നിയമപരമായി എന്തെങ്കിലും ചെയ്യാനാകുമോ എന്നത് വക്കീലുമായി സംസാരിച്ച് ആലോചിക്കും.
അതല്ലാതെ ഇടതുപക്ഷ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കേസെടുക്കും എന്ന പ്രതീക്ഷ എനിക്ക് തെല്ലുമില്ല. അത് ഒരിക്കലും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. നീതിയൊന്നും അവരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. നീതിബോധമുള്ളവരില്‍ നിന്നല്ലേ നീതി പ്രതീക്ഷിക്കേണ്ടത്? സ്വന്തം സുഖലോലുപതയ്ക്കായി ഭരണത്തെ അട്ടിമറിക്കുന്ന ഒരു ഭരണകൂടത്തോട് നമ്മള്‍ തത്വം പ്രസംഗിച്ചിട്ട് വല്ല കാര്യവുമുണ്ടോ? പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ പിണറായി വിജയനോട് വേദമോദിയിട്ടു കാര്യമില്ല. കാരണം പിണറായി വിജയന്‍, പിണറായി വിജയനാണ്. അത്ര തന്നെ.”
ഒട്ടേറെത്തവണ മരണത്തെ മുഖാമുഖം കണ്ടവനാണ് താനെന്ന് കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഇനിയും മുന്നേറാനുള്ള കരുത്തുണ്ട്. ഇമ്പാച്ചി കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട. പേരാവൂരില്‍, നിങ്ങളെറിഞ്ഞ (സിപിഎം) ബോംബിനും എനിക്കുമിടയില്‍ ഒരു ബ്രീഫ് കേസിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. ഇനി നിങ്ങളുടെ കൈകൊണ്ടു ഞാന്‍ മരിക്കില്ല’ – കെ.സുധാകരന്‍ പറഞ്ഞു.