കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശേരി സ്വദേശിനി മായയാണ് (37) കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തർക്കത്തെ തുടർന്നാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്.
കുട്ടമ്പുഴ മാമലകണ്ടത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.ബുധനാഴ്ച പുലർച്ചെ ആശാവർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതക കാരണം വ‍്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാത്രി വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര‍്യയെ തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി.
കോതമംഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ…
കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ഗൂഡനീക്കം. ഇല്ലാത്ത വിസയുടെ പേരിലാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. അയർലണ്ടിലേക്ക് വിസിറ്റ് വിസയിലെത്തി ഓപ്പൺ പെർമിറ്റ് വിസയിലേക്ക് മാറ്റിത്തരാമെന്നാണ് വാഗ്ദാനം. ഇതിനായി ലക്ഷങ്ങളാണ് കമ്മീഷൻ ഇനത്തിൽ തട്ടിപ്പുകാർ ചോദിക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരക്കാർ ഇരകളെ കണ്ടെത്തുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വോയിസ് മെസേജിൽ പറയുന്നത് ഇങ്ങനെ: അയർലണ്ടിലേക്ക് 2 ജോലി ഒഴിവുകളാണുള്ളത്. കെയർ ഗിവറും മറ്റൊന്ന് വെയർഹൗസ് വർക്കറും…മാസം 150000 രൂപ മുതൽ 200000രൂപ വരെയാണ് വാഗ്ദാനം നൽകുന്ന ശമ്പളം. പോരാത്തതിന് ഭക്ഷണവും താമസവും നൽകുമെന്നും ഇവർ പറയുന്നുണ്ട്. ആദ്യം വിസിറ്റിംഗ് വിസയിൽ അയർലണ്ടിലെത്തണം. പിന്നീട് ഒരു മാസത്തിനകം ഓപ്പൺ പെർമിറ്റ് വിസ റെഡിയാക്കി തരുമെന്നാണ് ഇവർ പറയുന്നത്.
എന്നാൽ സംഭവം ശുദ്ധതട്ടിപ്പാണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. വിസിറ്റ് വിസയിലെത്തി ജോബ് വിസയിലേക്ക് മാറാനുള്ള സൗകര്യം അയർലണ്ടിലില്ലെന്നതാണ് യാഥാർഥ്യം. ജോലിക്ക് അപേക്ഷിക്കുന്നവർ ആദ്യം 25000 നൽകണം, പിന്നീട് 150000…അങ്ങനെ 450000 രൂപയാണ് ഇവർ കമ്മീഷൻ ഇനത്തിൽ കൈപ്പറ്റുന്നത്. കെയർഗിവർ ജോലിക്ക് ഇവർ വാഗ്ദാനം നൽകുന്ന ശമ്പളം 150000 രൂപയാണ്. പ്രായമായവരെ ശുശ്രൂഷിക്കലാണ് ജോലി. ജോലിസ്ഥലത്ത് തന്നെ താമസിക്കാമെന്നും ഇവർ പറയുന്നു.
വിസിറ്റിംഗ് വിസയിൽ പോയിട്ട് അയർലണ്ടിൽ എത്തിയ ശേഷം ഓപ്പൺ പെർമിറ്റ് വിസയിലേക്ക് മാറ്റുന്ന രീതിയാണ് നിലവിൽ ഉള്ളതെന്നും ഇവർ ഉദ്യോഗർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. രണ്ട് മാസത്തിനുള്ളിൽ തന്നെ അയർലണ്ടിലേക്ക് പോകാൻ സാധിക്കുമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്.
കൺസൽട്ടൻസിയിൽ രജിസ്റ്റർ ചെയ്ത് ഡോക്യൂമെന്റഷൻ പൂർത്തിയായ ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ വിഎസ്എസ് സ്റ്റാമ്പിംഗ് കിട്ടുമെന്നും അയർലണ്ടിലേക്ക് പറക്കാനാകുമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്!
രജിസ്ട്രേഷന് തന്നെ 25000 രൂപ ഏജൻസിക്ക് നൽകണം. കൺസൽട്ടൻസിയിൽ രജിസ്റ്റർ ചെയ്യുന്നതിനും വിഎഫ്എസ് ഡോക്യൂമെന്റഷൻ ചാർജും ഈ തുകയിൽ ഉൾപ്പെടുന്നു എന്ന വ്യാജേനയാണ് ഇവർ ഈ പണം വാങ്ങുന്നത്. എന്നാൽ ഈ തുക ഒരു കാരണവശാലും തിരികെ നൽകില്ലെന്നും ആദ്യമെതന്നെ ഇവർ പറയുന്നുണ്ട്. വിസ ലഭിച്ചാൽ 150000 രൂപ നൽകണം. അയർലണ്ടിൽ എത്തുന്ന സമയം 2500 യൂറോ, ഏകദേശം 225000 രൂപ പണമായി കയ്യിൽ കരുതണമെന്നും ഇവർ പറയുന്നു.
ഈ തുക കൈമാറേണ്ടത് അയർലണ്ടിൽ വെച്ചാണ്. ഇതിനു പുറമെ വിമാന ടിക്കറ്റ് നിരക്കുകൾ വേറെയും നൽകണം. ഈ വാഗ്ദാനങ്ങൾ വിശ്വസിച്ച് നിരവധി ഉദ്യോഗാർത്ഥികൾ 25000 രൂപ നൽകി വിസക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത്തരം സംഭവങ്ങളിൽ വിസ നിരസിക്കപ്പെടുകയോ, അനന്തമായി തീരുമാനം നീളുകളെയോ ചെയ്യുകയാണ് പതിവ്.
വിസ റിജക്റ്റ് ആയി കഴിഞ്ഞാൽ ആദ്യം നൽകിയ 25000 രൂപ തിരികെ ലഭിക്കില്ല. ആർക്കെങ്കിലും വിസ കിട്ടുകയാണെങ്കിൽ തന്നെ ബാക്കി തുകയും തട്ടിപ്പുകാർ കൈക്കലാക്കുകയും ചെയ്യും. പണം പോയവർ അയർലണ്ടിൽ എത്തിയ ശേഷം മാത്രമാണ് ഇവരുടെ തട്ടിപ്പ് മനസ്സിലാക്കുന്നത്.
കെയർ ഗിവർമാർക്കുള്ള ജോലി നിലവിൽ അവിടെ ഉള്ളവർക്കു മാത്രമാണെന്നും മെഡിക്കൽ സ്റ്റുഡന്റ് പാർടൈമായി ഇങ്ങനെ ജോലി ചെയ്യാറുണ്ടെന്നും പ്രവാസി മലയാളികൾ പറയുന്നു. അല്ലാതെ ഏഷ്യയിൽ നിന്നുള്ളവർക്ക് വർക്ക് പെർമിറ്റില്ലാതെ വന്നു ജോലി ചെയ്യാൻ പറ്റില്ല.
വെയർഹൗസ് ഓപ്പറേറ്റർ തസ്തികയിലേക്ക് കൃത്യമായ വർക്ക് പെർമിറ്റോടുകൂടി മാത്രമെ അയർലണ്ടിലേക്ക് വരാൻസാധിക്കു. വർക്ക് പെർമിറ്റ് കിട്ടണമെങ്കിൽ ഐ.ഇ.എൽ.ടി.എസ്. ഉൾപ്പടെയുള്ള കടമ്പകൾ പാസാവണം.
ഇതൊന്നുമില്ലാതെ ഇവിടേക്കു വന്നാൽ വഞ്ചിതരാവുകയേ ഉള്ളൂ എന്നാണ് അയർലണ്ട് മലയാളികൾ പറയുന്നത്. റിക്രൂട്ടിങ് ഏജൻസിയേ പറ്റി നോർക്കയുമായി ബന്ധപ്പെട്ട് ഉറപ്പാക്കിയ ശേഷമേ പണം നൽകാവൂ എന്നും അയർലണ്ട് മലയാളികൾ നിർദേശിക്കുന്നു.