ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; അധ്യാപികയുടെ ശമ്പള കുടിശിക അക്കൗണ്ടിലെത്തി
ഭാര്യയുടെ ശമ്പളം 12 വർഷം വൈകിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; അധ്യാപികയുടെ ശമ്പള കുടിശിക അക്കൗണ്ടിലെത്തി
അധ്യാപികയായ ഭാര്യയുടെ ശമ്പളം 12 വർഷം വൈകിയതിനെ തുടർന്ന് ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. അധ്യാപികയുടെ ശമ്പള കുടിശികയുടെ പകുതി അക്കൗണ്ടിലെത്തി
വർഷങ്ങളോളം ശമ്പള കുടിശിക നൽകാതെ വിദ്യഭ്യാസ വകുപ്പിന്റെ അനാസ്ഥയോട് പൊരുതിയാണ് അധ്യാപികയും കുടുംബവും നീതി തേടിയത്.
ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിരന്തരം കയറി ഹാജരായും അപേക്ഷകളുമായി ശരണം തേടിയെങ്കിലും നടപടികൾ ഇല്ലാതിരിക്കുകയും തുടർന്ന് അധ്യാപികയുടെ ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്യുകയുമായിരുന്നു.
മകന്റെ എൻജിനീയറിങ് പ്രവേശനത്തിനായുള്ള ഫീസ് അടയ്ക്കാൻ പണമില്ലാതെയായിരുന്നു ഈ ദാരുണ തീരുമാനം.
ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ട് എട്ടുമാസം പിന്നിട്ടിട്ടും നടപടി വൈകിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച അധ്യാപികയുടെ അക്കൗണ്ടിൽ കുടിശികയുടെ പകുതി എത്തിയത്.
ബാക്കിയുള്ള തുക പിഎഫ് അക്കൗണ്ടിലൂടെ നൽകാനാണ് തീരുമാനം. സംഭവത്തിൽ ഗുരുതര വീഴ്ചകൾ കാണിച്ച മൂന്ന് ഡിഇ ഓഫീസർമാർ സസ്പെൻഷനിലായി.
വകുപ്പ് തലത്തിൽ അന്വേഷണം പൂർത്തിയായ ശേഷം അധിക നടപടികളുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
യൂണിഫോം ധരിച്ച് കോൻ ബനേഗാ കരോർപതിയിൽ; കേണൽ സോഫിയാ ഖുറേഷിയും വ്യോമികാ സിംഗും വിവാദത്തിൽ; ഔദ്യോഗികമല്ലാത്ത പരിപാടികളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കാമോ?
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച വനിതാ ഉദ്യോഗസ്ഥരായ കരസേനയിലെ കേണൽ സോഫിയാ ഖുറേഷിയും വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമികാ സിംഗും വിവാദത്തിൽ.
സോണി എന്റർടെയ്ൻമെന്റ് ചാനലിൽ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന, കോൻ ബനേഗാ കരോർപതി എന്ന പരിപാടിയിൽ യൂണിഫോം ധരിച്ച് ഇരുവരും പങ്കെടുക്കുന്നതാണ് വിവാദത്തിന് കാരണം.
എന്നാൽ ഈ വിഷയത്തിൽ വിദഗ്ദർ പറയുന്നത് ഇങ്ങനെയാണ്. ഔദ്യോഗികമല്ലാത്ത പരിപാടികളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കണമെങ്കിൽ കമാൻഡിങ് ഓഫീസറുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.
കൂടാതെ പൊതുഗതാഗതസംവിധാനങ്ങളിലും സിവിലിയൻ വിമാനങ്ങളിലും യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും റെസ്റ്ററന്റുകളിൽ പോകുമ്പോഴും യൂണിഫോം ധരിക്കാൻ പാടില്ല എന്നാണ് ചട്ടം.
എന്നാൽ ഈ സാഹചര്യത്തിൽ, ഉദ്യോഗസ്ഥർക്ക് ഇത്തരം അനുമതി ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള കോൻ ബനേഗാ കരോർപതിയുടെ പ്രത്യേക എപ്പിസോഡിലാണ് ഇരുവരും പങ്കെടുക്കുന്നത്.
ഇരുവരും കൂടാതെ നാവികസേനയിലെ കമാൻഡർ പ്രേരണാ ദേവസ്തലിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലിന്റെ കമാൻഡറാകുന്ന വനിതയാണ് പ്രേരണാ ദേവസ്തലി.
പ്രത്യേക എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നതോടെയാണ് വിഷയം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതും വിവാദമായതും.
സായുധ സേനകളെ പിആർ പരിപാടികൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഉയർന്നുവരുന്നത്. സേനയുടെ യൂണിഫോം ധരിച്ചാണ് മൂന്ന് ഉദ്യോഗസ്ഥകളും ഷോയിൽ പങ്കെടുക്കുന്നത് എന്നതും വിമർശനത്തിനിടയാക്കി.