തിരുവനന്തപുരം: മരിച്ചാൽ വിലയില്ലാത്തവർ അല്ല നമ്മൾ. മനുഷ്യ ശവ ശരീരങ്ങൾക്ക് വൻ ഡിമാന്റ് ആണെന്ന് രേഖകൾ. മൃതദേഹ വിൽപ്പന ഇപ്പോൾ സംസ്ഥാനത്തിന് അകത്തും പുറത്തും വൻതോതിൽ നടക്കുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ എണ്ണം വർദ്ധിച്ചതാണ് ഇതിനു കാരണം. പഠന ആവശ്യത്തിനായി മൃതദേഹങ്ങളുടെ ആവശ്യകത കൂടി. അതോടെ ആശുപത്രികളിൽ നിന്നും മൃതദേഹങ്ങൾ വൻതോതിൽ വിൽക്കപ്പെടുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി അവകാശികളില്ലാത്ത മൃതദേഹങ്ങൾ നൽകാമെന്ന പ്രത്യേക വ്യവസ്ഥ നിലവിൽവന്നത് 2008-ലാണ്. അതിനുമുമ്പ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എവിടെനിന്ന് മൃതദേഹം കിട്ടിയെന്നത് അജ്ഞാതമാണ്. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി മൃതദേഹങ്ങൾ നൽകി സംസ്ഥാന ഖജനാവ് സ്വന്തമാക്കിയത് 3.66 കോടി രൂപ. മൃതദേഹ കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥ നിലവിൽ വന്ന 2008-ന് ശേഷമുള്ള കണക്കാണിത്.
ഇതുവരെ 1,122 അവകാശികളില്ലാത്ത മൃതദേഹങ്ങളാണ് കൈമാറിയത്. 40,000 രൂപയാണ് ഒരു മൃതദേഹത്തിന് ഈടാക്കുന്നത്. എംബാം ചെയ്യാത്തവയാണെങ്കിൽ 20,000 രൂപയാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ കൈമാറിയത്.-599 എണ്ണം. പരിയാരം മെഡിക്കൽ കോളേജ്- 166, തൃശൂർ മെഡിക്കൽ കോളേജ്- 157, കോഴിക്കോട് മെഡിക്കൽ കോളേജ്- 99 എന്നിങ്ങനെയാണ് പിന്നിൽ.
സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി അവകാശികളില്ലാത്ത മൃതദേഹങ്ങൾ നൽകാമെന്ന പ്രത്യേക വ്യവസ്ഥ നിലവിൽ വന്നത് 2008-ലാണ്. അതിന് മുൻപ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എവിടെ നിന്ന് മൃതദേഹം കിട്ടിയെന്നത് അജ്‍ഞാതമാണ്. 2000-ന്റെ തുടക്കത്തിലാണ് കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. പഠനാവശ്യത്തിന് 12 കുട്ടികൾക്ക് ഒരു മൃതദേഹം എന്ന നിലയിൽ വേണം. 60 കുട്ടികൾക്ക് ഒരു ബാച്ചിന് അഞ്ച് മൃതദേഹങ്ങൾ. ഹൈക്കോടതിയിലെ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് പ്രത്യേക വ്യവസ്ഥയായത്.
കേസിന്റെ ചരിത്രം ഇങ്ങനെ
2006-ൽ എം.ബി.ബി.എസ്. കോഴ്‌സിന്റെ ഫീസ് ഏകീകരിക്കാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പറിയിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ഒരു മൃതദേഹത്തിന് മൂന്നുലക്ഷത്തിലധികം രൂപ നൽകിയാണ് വാങ്ങുന്നതെന്ന് സ്വകാര്യ മെഡിക്കൽ കോളേജ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞിരുന്നു. ഇതിൽനിന്നാണ് മൃതദേഹങ്ങൾ എങ്ങനെയാണ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ലഭിക്കുന്നതെന്ന അന്വേഷണം തുടങ്ങിയതെന്ന് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽചെയ്ത പ്രോപ്പർചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് പറഞ്ഞു.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി, സർക്കാർ മെഡിക്കൽ കോളേജുകൾ വഴിയല്ലാതെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് മൃതദേഹങ്ങൾ കൈമാറരുതെന്നും നിർദേശിച്ചു.
വിവരാവകാശ രേഖപ്രകാരം പുറത്തുവന്ന ഈ കണക്കുകൾ മൃതദേഹ വിൽപ്പന വ്യാപകമാകുന്നതിന്റെ കാഴ്ചയാണ് കാണിക്കുന്നത്. ആത്മഹത്യയാണൊ കൊലപാതകമാണൊ എന്നുള്ള മരണകാരണമെന്നറിയാതെയാണ് മൃതദേഹങ്ങളുടെ വിൽപ്പന. .ഇങ്ങനെ ചെയ്യുന്നതിലൂടെ പല കുറ്റവാളികളും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നു . കൂടാതെ അജ്ഞാത മൃതദേഹങ്ങൾ ചട്ടപ്രകാരം സൂക്ഷിക്കുന്നില്ലെന്ന പരാമർശം ഉയർന്നു വരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ കൂടിയതോടെ ആണ് ആശുപത്രികളിൽ കുന്നുകൂടുന്ന അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയരുന്നു.