കൊച്ചി: ചിഞ്ചുവിന്റെ എണ്ണത്തോണിക്ക് സ്വദേശ വിദേശ വ്യത്യാസമില്ലാതെ വൻ ഡിമാന്റാണ്. ചിഞ്ചുവിന്റെ എണ്ണത്തോണികൾ ഇന്ന് കടൽ കടന്ന് ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിൽ വരെ ഇടംപിടിച്ചു കഴിഞ്ഞു. അരയൻകാവ് സ്വദേശിനിയാണ് ചിഞ്ചു.
ആയുർവേദ ആശുപത്രികളിലും സ്പാ സെന്ററുകളിലും ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങൾ നിർമിക്കുന്ന ‘ആയുഷ് ജ്യോതി’ എന്ന സംദഭം ചിഞ്ചുവിന്റെ ആശയമാണ്. ഭർത്താവ് കൃഷ്ണരാജ് കൂടി ബിസിനസിൽ ഒപ്പം ചേർന്നതോടെ പത്ത് വർഷം മുമ്പ് വീടിനോടുചേർന്ന് തുടങ്ങിയ ചെറിയൊരു പ്രസ്ഥാനം.
ഒറ്റത്തടിയിൽ തീർത്ത എണ്ണത്തോണികളാണ് ആയുഷ് ജ്യോതിയുടെ പ്രത്യേകത. വാകമരത്തിന്റെ തടിയിൽ ഏഴുമുതൽ ഒമ്പതടിവരെ നീളത്തിൽ നിർമിക്കുന്ന എണ്ണത്തോണികൾക്ക് 25,000 മുതൽ 60,000 രൂപവരെ വില വരും. ഫൈബർ എണ്ണത്തോണിക്കാണെങ്കിൽ 20,000 രൂപയാകും.
കൂടാതെ ധാരയും നസ്യവും ചെയ്യാനുള്ള ഉപകരണങ്ങളും ഇവർ നിർമിക്കുന്നുണ്ട്. മുൻകൂട്ടി നിർമിച്ച് വെക്കാറില്ല കൂടുതലായും അവശ്യക്കാരുടെ അളവിന് അനുസരിച്ച് നിർമിക്കുകയാണ് പതിവ്. എന്നാൽ വിദേശികൾ ഇടയ്ക്ക് എത്താറുള്ളതിനാൽ ആവിപ്പെട്ടിയും എണ്ണത്തോണികളും എപ്പോഴും സ്റ്റോക്ക് ഉണ്ടാകും. ആയുർവേദ ചികിത്സയ്ക്കും യോഗയ്ക്കും പ്രചാരം കൂടിയതോടെ മുൻപത്തേതിനേക്കാൾ ആളുകൾ ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങാൻ എത്താറുണ്ടെന്ന് ചിഞ്ചു പറയുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയ്ക്കും ഇവർ ഉപകരണങ്ങൾ എത്തിക്കുന്നുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) ഉൽപ്പന്നങ്ങൾ ആഭ്യന്തരവിപണിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് കളമശേരി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ് ഡെവലപ്മെന്റ് (കീഡ്) ക്യാമ്പസിൽ നടന്ന ‘കമ്യൂണിറ്റി മീറ്റപ്പ് 2022’ സംഗമത്തിൽ ദമ്പതികൾ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് ജമ്മുകാശ്മീർ വരെ ചിഞ്ചുവിന്റെ എണ്ണത്തോണികളും ആവിപ്പെട്ടികളും എത്തുന്നുണ്ട്.
ആരോഗ്യ കാര്യങ്ങൾക്ക് വിദേശി സ്വദേശി വ്യത്യാസമില്ലെന്ന് ചിഞ്ചു പറയുന്നു. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാനും മറ്റുമായി പഞ്ചകർമ്മ ചികിത്സയ്ക്ക് മാത്രം നിരവധി പേരാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. കോവിഡിനു ശേഷം യുവാക്കൾ ഉൾപ്പടെയുള്ളവരിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ധാരാളമായി കണ്ടു വരുന്നുണ്ട്.
അതിനാൽ തന്നെ അലോപ്പതിയേലേയ്ക്ക് തിരിയാതെ ആയുർവേദം ഫസ്റ്റ് ചോയിസായി തെരഞ്ഞെടുക്കുന്നവരാണ് ഏറെയും. പരമ്പാരാഗത ആയുർവേദ ചികിത്സാ രീതികൾ നിഷ്ക്കർഷിക്കുന്ന തരത്തിൽ എണ്ണ തളംകെട്ടി നിർത്തി ഉപയോഗിക്കാനും ഒഴുക്കിവിടാനും പുനഃരുപയോഗത്തിനും ഈ എണ്ണത്തോണിയിൽ ഫലപ്രദമായി ചെയ്യാൻ സാധിക്കും. ഹോട്ടലുകൾ, സ്പാ സെന്ററുകൾ എന്നിവിടങ്ങളിൽ എണ്ണത്തോണികൾ ഉപയോഗിക്കുന്നുണ്ട്. അതു പോലെ തന്നെ ആവിപ്പെട്ടികൾക്കും പ്രചാരമായി കഴിഞ്ഞെന്ന് ചിഞ്ചു പറയുന്നു
ശിരോധാരയ്ക്കുള്ള മേശയും ആവി ചികിത്സയ്ക്കുള്ള പെട്ടിയുമെല്ലാം ചിഞ്ചുവിന്റെ അടുത്തുണ്ട്. കൂടാതെ, വീട്ടകങ്ങളിൽ അലങ്കാരമായി വയ്ക്കുന്ന ദാരുശിൽപ്പങ്ങളും നിർമിക്കുന്നു. ചികിത്സാ ഉപകരണങ്ങൾ നിർമിക്കാൻ എട്ടുലക്ഷം രൂപയുടെ പുതിയ യന്ത്രസംവിധാനങ്ങൾ ‘ആയുഷ് ജ്യോതി’യിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ചിഞ്ചു പറഞ്ഞു. ഷിപ്പിങ് കമ്പനിയിൽ 20 വർഷം ജോലി നോക്കിയശേഷമാണ് കൃഷ്ണരാജ് ഭാര്യയെ സഹായിക്കാൻ ഒപ്പം ചേർന്നത്.
കളമശേരി കീഡിലെ പരിശീലനം പുതിയ ഊർജവും അറിവും പകർന്ന സന്തോഷത്തിലാണ് ചിഞ്ചു. 2013 ലാണ് ഇത്തരത്തിലൊരു ആശയം പ്രാവർത്തികമാക്കാൻ ചിഞ്ചു മുന്നോട്ടുവന്നത്. 2015ആയപ്പോൾ വീടിനോട് ചേർന്ന് സ്വന്തമായി ഒരുനിർമാണശാല നിർമ്മിച്ചു. ആയുർവേദ ചികിത്സയുടെ ഭാഗമായുള്ള പഞ്ചകർമ ചികിത്സയും ഞവരക്കിഴി, ഇലക്കിഴി, ഉഴിച്ചിൽ, നസ്യം തുടങ്ങിയവയും മരംകൊണ്ടു നിർമ്മിച്ച എണ്ണത്തോണിയിൽ കിടത്തിയാണു ചെയ്യേണ്ടത്.
ഡിസംബർ മാസത്തോടെ വിപണിയിൽ കൂടുതൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിഞ്ചു. രണ്ട് മക്കൾ. സോനു അനിരുദ്ദ് കൃഷ്ണ തിരുവനന്തപുരം സൈനീക് സ്‌ക്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മകൾ അനുമിത കൃഷ്ണ അരയൻകാവ് യുഎംവിഎം സ്‌ക്കൂളിൽ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു.









