സ്വന്തമായി വീട് വെക്കാന്‍ പണം ഇല്ലെങ്കില്‍ ആശ്രയം ബാങ്ക് വായ്പ തന്നെയാണ്.
കുറഞ്ഞ പലിശയില്‍ ഭവന വായ്പ ലഭിക്കുന്നത് നമുക്ക് ആശ്വാസകരമാണെങ്കിലും പലിശ നിരക്ക് എപ്പോൾ കൂടുമെന്ന് പറയാൻ പറ്റില്ല. അങ്ങനെ കടക്കെണിയിലായവർ നിരവധിയാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെ:
സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം
ഒരു വീട് നോക്കീട്ടുണ്ട്..
കയ്യീ കാശുണ്ടോ.?
കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം..
എത്രാ വീടിന്റെ വില?
ഒരു 50 ലക്ഷം വരും
കയ്യിലെത്രയുണ്ട്..?
ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും
എത്രാ പലിശ??
8.50 ശതമാനം….
40 ലക്ഷത്തിന് 8.5% പലിശ കണക്കാക്കിയാൽ 340000 രൂപാ. അപ്പൊ 15 വർഷത്തിന്.. 51 ലക്ഷം രൂപ പലിശ !!
എന്ത്??
അതെ.. 50 ലക്ഷം രൂപയുടെ വീടിന് 15 വർഷത്തേക്ക് 51 ലക്ഷം രൂപ പലിശ. മൊത്തം 15 വർഷത്തിൽ 91 ലക്ഷം രൂപ അടയ്ക്കണം.
ഏയ്.. അത്രേയൊന്നും വരില്ല
അത്രേം തന്നെ വരും,50 ലക്ഷം രൂപേടെ വീടിന് 91 ലക്ഷം രൂപ അടയ്ക്കണം 15 വർഷത്തിനുള്ളിൽ.
മാസം വീട്ടുവാടക 10-15000 രൂപാ വരും..
ഈ വീട് വാങ്ങിയാൽ മാസം 50000 രൂപാ അടവ് വരും.. അത്രേം അടയ്ക്കാനുള്ള വരുമാനമുണ്ടോ?
കച്ചോടമല്ലേ… നടക്കും..
സ്വന്തം വീട് എന്നത് ഒരു സ്വപ്നമാണ്. പക്ഷെ 8.5 % പലിശക്ക് കടമെടുത്ത് വീട് വാങ്ങിയാൽ വീടിന്റെ ഇരട്ടി വില 15 വർഷത്തിനകം നൽകണം. അതിനിടയ്ക്ക് എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ തിരിച്ചടവ് മുടങ്ങും.
ഭാര്യേടെ കെട്ടുതാലി വരെ വിറ്റാലും കടം വീടില്ല. അവസാനം ബാങ്ക് ജപ്തി ചെയ്യാൻ വരും.
വിൽക്കാൻ പോയാൽ വാങ്ങാനും ആളുണ്ടാകില്ല. ആളുണ്ടായാൽ തന്നെ പാതി വിലക്ക് ചോദിക്കും.അവസാനം ഒരു ഗതിയും പരഗതിയും ഇല്ലെങ്കിൽ വീടിനുള്ളിൽ ഒരു കയറിൽ ജീവിതം അവസാനിക്കും.
ബാങ്ക് ജപ്‌തി ചെയ്തു വിൽപനക്ക് വെച്ച ഫോട്ടോകണ്ടപ്പോൾ മനസ്സ് അറിയാതെ ഒന്ന് വിതുമ്പി
എത്രമാത്രം കഷ്ടപെട്ട് എടുപ്പിച്ചതായിരിക്കും ആ വീട്.ജോലി നെഷ്ടപ്പെട്ടോ സുഗമില്ലതായോ മറ്റോ ലോണ് അടവ് മുടങ്ങി.
എത്രമാത്രം മനസ്സ് വേദനിച്ചായിരിക്കും ആ കുടുംബം വീട് വിട്ട് പോയിട്ടുണ്ടാകുക…
വാടയ്ക്ക് താമസിക്കുന്നതിൽ അപമാനം തോന്നേണ്ട കാര്യമൊന്നുമില്ല. നാട്ടിലുള്ളവരോട്,നാടണയുന്ന പ്രവാസികളോട്,സ്നേഹത്തോടെ പറയട്ടെ,ലോൺ തരാൻ എല്ലാ ബാങ്കുൾക്കും സന്തോഷമാണ്.അടവ് തെറ്റിയാൽ വീട് മാത്രമല്ല അവർ കൊണ്ടുപോവുക,നമ്മുടെ മാനവും ജീവനും കൂടിയാണ്.
നമുക്ക് ഓരോരുത്തർക്കും ഇനിയെങ്കിലും സൂക്ഷിക്കാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
ഇനി പലിശ കൂടിയാലും കുറഞ്ഞാലും വീട് വെക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട് വെച്ചു കീശ കാലിയാകില്ല.
ബാങ്കുകളെ താരതമ്യം ചെയ്യുക
ഓരോ ബാങ്കിലും ഓരോ രീതിയിലാണ് ഭവന വായ്പ ഓഫറുകള്‍ വരുന്നത്. അതിനാല്‍ ചുരുങ്ങിയത് ഒരു അഞ്ച് ബാങ്കുകളുടെ ഓഫറുകളെ കുറിച്ച് അറിഞ്ഞുവെക്കുന്നത് നല്ലതായിരിക്കും. പ്രോസസിങ് ചാര്‍ജിലടക്കം ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ചില ബാങ്കുകള്‍ പ്രോസസിങ് ചാര്‍ജ് ഒന്നും ഈടാക്കുന്നില്ല.
സിബില്‍ സ്‌കോര്‍
ഏതു ലോണ്‍ ആണെങ്കിലും ബാങ്കുകള്‍ എല്ലാം നമ്മുടെ സിബില്‍ സ്‌കോര്‍ ആണ്ആദ്യം തന്നെ ചെക്ക് ചെയ്യുന്നത്.
ഇതുവഴി ഉപഭോക്താവിന്റെ കടമെടുക്കാനുള്ള ശേഷിയും തിരിച്ചടവും മുന്‍കാല ക്രെഡിറ്റുകളുടെ അടിസ്ഥാനത്തില്‍ മനസിലാക്കാന്‍ സാധിക്കും.
മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്ന ഉപഭോക്താവിന് ആകര്‍ഷകമായ നിരക്കില്‍ ഭവന വായ്പ ലഭിക്കും. സിബില്‍ സ്‌കോര്‍ 800-ന് മുകളില്‍ ഉള്ളവര്‍ക്ക് മികച്ച ഇളവ് നേടാറുണ്ട്.
തിരിച്ചടവ് മുടക്കരുത്
ലോണ്‍ എടുക്കുമ്പോള്‍ തന്നെ ഒരോ മാസവും നിശ്ചിത ദിവസത്തിനുള്ളില്‍ ഇ.എം.ഐ. അടക്കേണ്ടതാണ്. ഇത് മുടങ്ങിയാല്‍ ബാങ്ക് വലിയ പിഴ ഈടാക്കും.
ഈ തുക വലിയ ഭാരമായിരിക്കും. അടവ് വരുന്ന ദിവസത്തിന് രണ്ട് ദിവസം മുന്‍പ് തന്നെ അക്കൗണ്ടില്‍ പൈസ ഉണ്ടെന്ന് ഉറപ്പു വരുത്തണം. അടവ് മുടക്കുന്നത് ഭാവിയിലെ വായ്പകളെ ബാധിക്കും. ഒപ്പം സിബില്‍ സ്‌കോറും കുറയും. പിഴയും വരും
ജോയിന്റായി എടുക്കാം
മറ്റൊരാളെ കൂടി അപേക്ഷയില്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും. കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ കിട്ടാനുള്ള മറ്റൊരു രീതിയാണ് സഹ അപേക്ഷകനെ ഉള്‍പ്പെടുത്തുക എന്നത്.
ഇതുവഴി വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്കുള്ള റിസ്‌ക് കുറയുന്നു. ഒന്നിലധികം അപേക്ഷകരുണ്ടാകുമ്പോള്‍ അധിക വരുമാനവും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും ഉയരുന്നതിനാല്‍ വായ്പ എളുപ്പം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഫിക്സഡ് റേറ്റ് വേണ്ട
ഫിക്സഡ് പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ധാരാളം ഉണ്ട്. എന്നാൽ ഇത്തരം രീതി തിരഞ്ഞെടുക്കരുത്. കാണുമ്പോൾ പലിശ കുറവ് എന്ന് തോന്നും.
എന്നാൽ ഫ്ലോട്ടിങ് രീതി ആണ് ഏറെ ഗുണകരം. റേറ്റ് ഇടയ്ക്കിടെ കുടുമെങ്കിലും കൂടുതൽ കാലയളവിൽ എടുക്കാൻ ശ്രമിക്കണം.
എന്തെന്നാൽ വരുമാനം കൂടുമ്പോൾ കാലയളവിൽ മാറ്റം വരുത്താം. കൂടാതെ വലിയൊരു തുക കയ്യിൽ വരുമ്പോൾ പറ്റാവുന്ന തുക ലോണിലേക്ക് മാറ്റുക