താൻ സുരക്ഷിതനാണെന്ന് അനിൽ കുമാർ
ആലപ്പുഴ: ഹൂതി ആക്രമണത്തെത്തുടർന്ന് യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന മലയാളി ഫോണിൽ ബന്ധപ്പെട്ടെന്ന് കുടുംബം. താൻ സുരക്ഷിതനാണെന്നും യമനിൽ ഉണ്ടെന്നുമാണ് കായംകുളം പത്തിയൂർ സ്വദേശി ആർ അനിൽ കുമാർ കുടുംബത്തോട് സംസാരിച്ചത്. ഭാര്യ ശ്രീജയെ ഫോണിൽ വിളിച്ചാണ് അനിൽകുമാർ സംസാരിച്ചത്. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഫോൺവിളിക്കിടെ അനിൽകുമാർ മകൻ അനുജിനോടും സംസാരിച്ചെന്നാണ് റിപ്പോർട്ട്.
താൻ യെമനിലുണ്ടെന്ന് അനിൽകുമാർ ഭാര്യയോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 1.45നാണ് അനിൽകുമാർ ശ്രീജയുടെ ഫോണിലേക്ക് വിളിച്ചത്. അനിൽകുമാർ യെമനിലുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഇദ്ദേഹം യമൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്ന കാരുണ്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അനിൽ ഫോൺവിളിച്ച വിവരം ശ്രീജ എംബസി അധികൃതരെ അറിയിക്കുകയായിരുന്നു. യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും അധികൃതർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ യെമനിൽ ഇന്ത്യൻ എംബസിയില്ലാത്തതിനാൽ സൗദിയിലെ എംബസിക്കാണ് നടപടിക്രമങ്ങളുടെ ചുമതല.
ഈ മാസം 7 നായിരുന്നു യെമൻ തീരത്തിന് സമീപം ചെങ്കടലിൽ എന്റർനിറ്റി സി എന്ന കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന 10 ദിവസങ്ങൾക്ക് ശേഷമായിരുന്നു കായംകുളത്തെ വീട്ടിൽ അനിൽകുമാർ രവീന്ദ്രനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. രക്ഷപ്പെടാൻ കപ്പൽ നിന്ന് കടലിൽ ചാടിയവരുടെ കൂട്ടത്തിൽ അനിൽ കുമാറുമുണ്ടെന്നാണ് സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചത്.
21 പേരുണ്ടായിരുന്ന കപ്പലിൽ മലയാളികളായ രണ്ട് പേരാണ് ആകെ ഉണ്ടായിരുന്നത്. അതിൽ ഒരാൾ അനിൽകുമാറും മറ്റൊരാൾ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമായിരുന്നു. അപകടത്തിന് പിന്നാലെ രക്ഷപെട്ട അഗസ്റ്റിൻ നാട്ടിൽ എത്തിയിയിരുന്നു. വിരമിച്ച സൈനികനായ അനിൽ കുമാർ അഞ്ച് വർഷമായി മർച്ചന്റ് നേവിയിലാണ്.
അനിൽ കുമാറിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി യ്ക്കും വിദേശകാര്യ മന്ത്രിക്കും കുടുംബം നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അനിൽകുമാർ തന്നെ നേരിട്ട് വീട്ടുകാരെ ബന്ധപ്പെട്ടിരിക്കുന്നത്.
ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം: മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു; ജീവഹാനി ഇതാദ്യം
ചെങ്കടലിൽ ഹൂതി മിസൈൽ അക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ബാർബഡോസിനുവേണ്ടി സർവീസ് നിർത്തിവരുന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്. മരണത്തിനു പുറമേ നാലുപേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. കപ്പലുകൾക്ക് നേരെ ഹൂദികൾ നടത്തുന്ന ആക്രമണത്തിൽ ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമായാണ്.
പരിക്കിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഒക്ടോബർ മുതൽ ഇസ്രായിലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ അക്രമണത്തിനിരയായിരുന്നു. നിരന്തരമായ ആക്രമണത്തെ തുടർന്ന് നിരവധി ഷിപ്പിംഗ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്.
English Summary:
Following a Houthi attack that led to the sinking of a ship near the Yemeni coast in the Red Sea, a Malayali crew member contacted his family. R. Anil Kumar from Pathiyoor, Kayamkulam, informed his family over the phone that he is safe and currently in Yemen. He briefly spoke to his wife Sreeja and also had a short conversation with his son Anuj during the call, according to reports.