കൊച്ചി: എറണാകുളം കോതമംഗലത്ത് വയോധികയെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നാണ് പോലീസിന്റെ സംശയം. സമീപവാസികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് വിലയിരുത്തല്‍.
ഉച്ച സമയത്ത് വീട്ടില്‍ ആളുണ്ടാവില്ലെന്ന് നേരത്തെ മനസിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളടക്കം ചിലര്‍ നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോൺ ടവര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ ഉച്ചക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലക്കടിച്ച് പൊട്ടിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
72 കാരിയായ സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. തലക്ക് അടിയേറ്റ് പൊട്ടിയിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ സാറാമ്മയെ വീടിന്‍റെ പരിസരത്ത് കണ്ടവരുണ്ട്. അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു.
ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. വീടിനുള്ളിലും ചുറ്റും മഞ്ഞള്‍പൊടി വിതറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.