ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കാലാവസ്ഥ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായിട്ടായിരുന്നു പ്രധാനമന്ത്രി യോഗം വിളിച്ചത്. ആശുപത്രികളിലും പൊതു ഇടങ്ങളിലും ഫയര്‍ ഓഡിറ്റും ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഡിറ്റും നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അഗ്നി ബാധ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ നിരന്തര പരിശോധനകല്‍ നടത്തണം. കാട്ടുതീ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സ്ഥിതിഗതികളും പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തി. ഇത്തവണ മണ്‍സൂണ്‍ സാധാരണയോ, അതില്‍ കവിഞ്ഞ തോതിലോ രാജ്യത്ത് ഉണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് യോഗത്തില്‍ അറിയിച്ചു. രാജ്യത്ത് ഉഷ്ണ തരംഗത്തില്‍ ഇതുവരെ 90 ലേറെപ്പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Read More: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ബോട്ടപകടം; കുട്ടികളടക്കം 20 പേർ മരിച്ചു









