ന്യൂഡൽഹി: ചൈനയിലെ എച്ച്എംപിവി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ചൈനയിൽ അസ്വാഭാവികമായ അവസ്ഥ ഇല്ലെന്നും സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എച്ച്എംപിവി സംബന്ധിച്ച വിവരങ്ങൾ പങ്കിടാൻ ലോകാരോഗ്യസംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.(HMPV in China is being monitored by India’s health ministry)
അതേസമയം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടാൻ സജ്ജമാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) പടർന്നു പിടിക്കുന്നുവെന്നും ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ലോകാരോഗ്യസംഘടന ഇത് സംബന്ധിച്ച് പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.
ശ്വാസകോശ അണുബാധക്ക് കാരണമാകുന്ന വൈറസാണ് ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി). ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം എല്ലാ പ്രായക്കാർക്കും ബാധിക്കുമെങ്കിലും പ്രായമായവരിലും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലുമാണ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുക എന്നാണ് റിപ്പോർട്ട്.