ശില്പ കൃഷ്ണ . എം
അഡ്വഞ്ചർ ബൈക്ക് പ്രേമികൾക്കിടയിലെ സുപ്രധാന ചോയിസുകളിൽ ഒന്നാണ് റോയൽ എൻഫീൽഡിന്റെ ഹിമാലയൻ. ലുക്കിലും പെർഫോമെൻസിലും മുൻനിരയിൽ നിൽക്കുന്ന ഈ വാഹനം കൂടുതൽ കരുത്തോടെ എത്താനൊരുങ്ങുമ്പോൾ ബൈക്ക് പ്രേമികൾ ആവേശത്തിലാണ് .. റോയൽ എൻഫീൽഡ് ഹിമാലയൻ 450 ആണ് പുതിയ മോഡൽ . രേഖയിൽ ഹിമാലയൻ 452 എന്നാണ് പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ ലിക്വിഡ് കൂൾഡ് എൻജിന് 451.65 സിസിയാണെന്നതാണ് ഹിമാലയൻ 452 എന്ന പേരിനു പിന്നിൽ. 8,000 ആർപിഎമ്മിൽ 29.44kW കരുത്ത് പുറത്തെടുക്കാൻ എൻജിന് സാധിക്കുമെന്നതാണ് മറ്റൊരു സുപ്രധാന വിവരം. ഇതോടെ പുതിയ ഹിമാലയൻ എൻജിന് 40.02hpയാണ് കരുത്തെന്ന് കണക്കുകൂട്ടാം..ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളാണ് .ഈ വാഹനത്തിന്റെ അവതരണം സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകൾ വന്നിട്ടില്ലെങ്കിലും നവംബർ ഒന്നിന് ഈ വാഹനം വിപണിയിൽ എത്തുമെന്നാണ് അഭ്യൂഹങ്ങൾ..
ഹിമാലയൻ 452വിന് 1,510എംഎം ആണ് വീൽ ബേസ് എന്ന വിവരവും ചോർന്നിട്ടുണ്ട്. നിലവിലെ ഹിമാലയൻ 411 ന് 1,465എംഎം ആണ് വീൽബേസ്. നീളം 2,190എംഎമ്മിൽ നിന്നും 2,245എംഎം ആയും വീതി 840എംഎമ്മിൽ നിന്നും 852എംഎം ആയും കൂടിയിട്ടുണ്ട്. ഹാൻഡ്ഗാർഡുകൾ കൂടി വെച്ചാൽ 900എംഎം ആയി വീതി വർധിക്കും. നിലവിലെ ഹിമാലയന് 199 കിലോഗ്രാമാണ് ഭാരം. ഭാരത്തിന്റെ കാര്യത്തിൽ പുതിയ മോഡലിൽ എന്തു വ്യത്യാസം വരുമെന്ന് വ്യക്തമല്ല. വിലയുടെ കാര്യത്തിൽ, റോയൽ എൻഫീൽഡ് ഹിമാലയൻ 450 ന് ഏകദേശം 2.8 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. ഇത് കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS, വരാനിരിക്കുന്ന ഹീറോ XPulse 400 എന്നിവയുമായി നേരിട്ട് മത്സരിക്കും..
പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് നാവിഗേഷൻ, റൗണ്ട് ഹെഡ്‌ലൈറ്റ്, ഓൾ-എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ എൽഇഡി ഇൻഡിക്കേറ്ററുകൾ, ബ്രേക്ക് സിഗ്നലുകൾ, ട്രിപ്പിൾ-ഇൻ-വൺ ടെയ്‌ലാമ്പ് എന്നിവ ഹിമാലയൻ 450-ന്റെ പ്രധാന സവിശേഷതകളാണ്. ഒന്നിലധികം സീറ്റ് ഓപ്ഷനുകൾ, മിററുകൾ, ക്രാഷ് ഗാർഡുകൾ, ഹാൻഡിൽ ബാർ ഗാർഡുകൾ, ഫുട്‌പെഗുകൾ, ലഗേജ് സീറ്റുകൾ എന്നിവയും മറ്റും ഉൾപ്പെടെ നിരവധി ആക്‌സസറികൾ റോയൽ എൻഫീൽഡ് ഹിമാലയൻ 450-ന് വാഗ്‍ദാനം ചെയ്യും.കണക്ടിവിറ്റി സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ വരവിലെ ഹൈലൈറ്റ് ആയിരിക്കുമെന്നതാണ് പ്രധാന സവിശേഷത. ഫുൾ ഡിജിറ്റൽ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് കൺസോൾ ഇതിൽ നൽകിയേക്കും. ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനവും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും മികച്ച റൈഡിങ്ങ് ഉറപ്പാക്കാൻ യു.എസ്.ഡി. ഫോർക്കും ഹിമാലയൻ 450-യിൽ ഒരുങ്ങും. മുന്നിൽ 21 ഇഞ്ചും പിന്നിൽ 19 ഇഞ്ചും വലിപ്പമുള്ള ടയറുകളായിരിക്കും നൽകുക. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവൽ ചാനൽ എ.ബി.എസും സുരക്ഷ കാര്യക്ഷമമാക്കും.
അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 450 എന്നമോഡലിന് കാര്യമായ സ്വാധീനം ചെലുത്താനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ വിൽപ്പനയിലുള്ള ഹിമാലയൻ 411 മോഡലിനെ കുറിച്ചുള്ള പ്രധാന വിമർശനം ഓൺ റോഡിൽ പവർ കുറവാണ് അനുഭവപ്പെടുന്നത് എന്നതാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ കരുത്തുമായി വരുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോട്ടോർസൈക്കിളിന് സാധിക്കും . കരുത്തരിൽ കരുത്തൻ, പേരിൽ മാറ്റം; നിരത്ത് കീഴടക്കാൻ പുതിയ ഹിമാലയൻ എത്തുന്നു എന്നാണ് വാഹന വിപണിയിലെ ചർച്ച
Read Also : ഫോക്‌സ്‌വാഗണിന്റെ പുതിയ 7 സീറ്റർ നിരത്തുകളിലേക്ക്