കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എങ്ങനെയാണ് ഇത്ര മോശം അവസ്ഥയിലേക്ക് റോഡുകൾ എത്തുന്നതെന്നും നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിക്കുന്നുവെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് പരാമർശം.(High Court with criticism in conditions of roads in Kerala)
കുന്നംകുളത്ത് റോഡിന്റെ അവസ്ഥ മോശമാണ്. എവിടെയെങ്കിലും റോഡ് മോശമാണെന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ? എന്നിട്ടാണ് ഹെൽമറ്റില്ലെന്നും ഓവർസ്പീഡ് ആണെന്നും പറഞ്ഞ് പിഴ ഈടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഏതൊരു ജീവനും മൂല്യമുള്ളതാണ്. ജനങ്ങളുടെ നിരവധി പരാതികൾ മുന്നിലെത്തിയിട്ടുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. പുതിയതായി നിർമ്മിച്ച റോഡിൽ എങ്ങനെയാണ് കുഴികൾ ഉണ്ടാകുന്നതെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
കേരളത്തിൽ നല്ല റോഡ് ഇല്ലെന്നല്ല. എന്നാൽ തകർന്ന റോഡുകൾ പുതുക്കിപ്പണിയാൻ അധികൃതർ തയ്യാറാകാത്തതിന് എതിരെയാണ് പരാതികൾ ഉയരുന്നതെന്നും ഇത് മനസിലാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. തങ്ങളുടെ ജീവന് ആരാണ് സംരക്ഷണം നൽകുക എന്നതാണ് സാധാരണക്കാരന്റെ ചോദ്യം. നിരവധി ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഇന്ത്യയേക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങളും ലോകത്തുണ്ട്. അവിടെയൊന്നും റോഡുകൾ തകരാതെ ഇരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.