ചെന്നൈ: കോടതിയില്‍ നിന്നും പരിസരത്ത് നിന്നും അംബേദ്കറുടെ ചിത്രങ്ങള്‍ നീക്കം ചെയ്യില്ലെന്ന് അറിയിച്ച് മദ്രാസ് ഹൈക്കോടതി. കോടതിയില്‍ മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന സര്‍ക്കുലര്‍ മദ്രാസ് ഹൈക്കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിനെ എതിര്‍ത്ത് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തല്‍സ്ഥിതി തുടരുമെന്ന് കോടതി അറിയിച്ചത്.
അംബേദ്കര്‍ ചിത്രങ്ങള്‍ മാറ്റില്ലെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ് രഗുപതിക്ക് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയതായി സര്‍ക്കാര്‍ പറഞ്ഞു. ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മന്ത്രി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിരുന്നു. കോടതികളില്‍ ഛായാചിത്രങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നിലധികം തീരുമാനങ്ങള്‍ ഹൈക്കോടതി എടുത്തിട്ടുണ്ടെന്ന് ജൂലൈ ഏഴിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ മദ്രാസ് ഹൈക്കോടതി പറയുന്നു.
ചിത്രങ്ങള്‍ നീക്കാനുള്ള സര്‍ക്കുലര്‍ വന്നതിന് പിന്നാലെ അംബേദ്കര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഉയര്‍ത്തിക്കാണിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വിടുതലൈ ചിരുതൈകള്‍ കച്ചി അദ്ധ്യക്ഷന്‍ തോള്‍ തിരുമാവളവന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ എന്നിവരുള്‍പ്പെടെയുള്ളവര്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.