കൊച്ചി: ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുന്നതിന് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരാഴ്ചത്തേയ്ക്കാണ് കോടതിയുടെ നടപടി. നിർമ്മാതാവ് സജി മോൻ പാറയിലിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.(High Court stayed the release of Hema Committee report)
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇന്ന് മാധ്യമങ്ങൾക്ക് റിപ്പോർട്ട് കൈമാറാൻ നിൽക്കെയാണ് ഹർജി നൽകി. വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണർ സർക്കാരിന് നൽകിയ നിർദ്ദേശം.
ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി, റിപോർട്ട് പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സിനിമ രംഗത്തെ നിരവധി സ്ത്രീകൾ നിർണായക വിവരങ്ങൾ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തു വിടുന്നത്.