കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഹർജി 23 ന് വീണ്ടും പരിഗണിക്കും. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നു.(High Court seeks opinion from government on Jayasurya’s anticipatory bail plea)
താൻ വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നും ജയസൂര്യ ഹർജിയിൽ ആവശ്യപ്പെട്ടു.
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.