കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ വിവിധ സംഘടനകള്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു.(High Court rejects plea to restrict Wayanad fund collection; C Shukur fined Rs)
പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിവിധ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടനും അഭിഭാഷകനുമായ സി ഷുക്കൂറാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നൽകിയത്. വിവരാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടാത്ത സ്വകാര്യ വ്യക്തികളും സംഘടനകളും ദുരിതബാധിതര്‍ക്കായി പണം പിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരുന്നു.
ദുരിത ബാധിതർക്കായി സ്വകാര്യ സംഘടനകൾ പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്കോ അല്ലെങ്കിൽ പൊതുഅക്കൗണ്ടിലേക്കോ മാറ്റണം. സംഘടനകളും രാഷ്ട്രീയ പാർട്ടികളും വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരാത്തതിനാൽ ഇവർ പിരിച്ചെടുക്കുന്ന തുകയിൽ സുതാര്യതയുണ്ടാവില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.