കൊച്ചി: ക്രൂരപീഡനമായി മാറുന്ന റാഗിംഗിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി ഹൈക്കോടതി. റാഗിംഗ് കേസുകൾ കേൾക്കാൻ മാത്രം പ്രത്യേക ഡിവിഷൻബെഞ്ച് രൂപീകരിച്ചു.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സർവകലാശാലാ റാഗിംഗ് വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണം മാർച്ച് 31നകം തീർക്കണമെന്ന് കർശന നിർദ്ദേശവും നൽകി.
വ്യത്യസ്ത ഡിവിഷൻ ബെഞ്ചുകളുടേയാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് സി. ജയചന്ദനും ഉൾപ്പെട്ട ബെഞ്ചാണ് ഇനി മുതൽ റാഗിംഗ് കേസുകൾ കേൾക്കുക.
ആദ്യ സിറ്റിംഗിൽ ഇന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) പൊതുതാത്പര്യ ഹർജി ബെഞ്ച് പരിഗണിക്കും. റാഗിംഗ് വിരുദ്ധ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ, സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് ആവശ്യം.
കെൽസയുടെ ഹർജി ഇന്നലെ ചീഫ് ജസ്റ്റിസ് ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചിലാണ് എത്തിയത്. കോട്ടയം ഗവ. നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയെ സീനിയേഴസ് കോമ്പസുകൊണ്ട് ശരീരമാകെ വരഞ്ഞ് ലോഷനൊഴിച്ചത് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
ഇതേതുടർന്ന്, റാഗിംഗ് കേസുകളുടെ ഗൗരവം കണക്കിലെടുത്താണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. സിദ്ധാർത്ഥ് കേസിൽ തുടർപഠന സ്റ്റേ തുടരും 17 വിദ്യാർത്ഥികൾക്കെതിരെയാണ് റാഗിംഗ് വിരുദ്ധ സ്‌ക്വാഡ് നിലവിൽ അന്വേഷണം നടത്തുന്നത്.
ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഇന്നലെ അന്വേഷണ പുരോഗതി ആരാഞ്ഞിരുന്നു.
മേയ് 19ന് അന്വേഷണം പൂർത്തിയാകുമെന്ന മറുപടി തള്ളിയാണ് മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്. ഹർജി ഏപ്രിൽ ഒമ്പതിലേക്ക് മാറ്റി.
പ്രതികൾക്ക് മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാൻ അനുമതി നൽകിയ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർത്ഥിന്റെ അമ്മ ഷീബ നൽകിയ അപ്പീലാണ് ഇപ്പോൾ പരിഗണിക്കുന്നത്.