ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. ഈ മാസം 21 വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശം നൽകി.
മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷിയായി ചേർക്കാൻ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻകൂർ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
ഇതോടൊപ്പം, മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം അനുവദിച്ചു. ജനുവരി 21ന് കേസിൽ വിശദമായ വാദം കേട്ടശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കും.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി
ഈ കേസിൽ എസ്.ഐ.ടി രജിസ്റ്റർ ചെയ്ത ആദ്യ കുറ്റകൃത്യവുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടിയത്.
രാഹുലിനെതിരെ ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറിയത് എന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രാഹുലിന് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തന്റെ ജീവനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണെന്നാണ് അതിജീവിത ഹരജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ജീവന് ഭീഷണിയുണ്ടെന്നും സൈബർ ആക്രമണങ്ങൾ നേരിടുന്നതായും പരാതിക്കാരി കോടതിയെ അറിയിച്ചു.
അതേസമയം, മറ്റൊരു യുവതി നൽകിയ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടയിൽ, രാഹുൽ മാങ്കൂട്ടത്തിലെ കേസിലെ അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടി. ഈ ഹരജി ജനുവരി 16ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.









