കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയാൻ കർശനനടപടി വേണമെന്ന് ഹൈക്കോടതി.
നിയമപരമായി രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും തടയണം. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നടപ്പാക്കിയ മാതൃകയിലുള്ള മൊബൈൽ ആപ്പ് സംസ്ഥാന ബോർഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി കെ.വി. സുധാകരൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരമുള്ള രജിസ്‌ട്രേഷനെടുക്കാത്ത സ്ഥാപനങ്ങൾ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽക്കുന്നു എന്നായിരുന്നു സുധാകരൻ്റെ ഹർജിയിലെ ആരോപണം. ഇത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചു.
പരിശോധന നടത്തണമെന്നും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നതിനെതിരെ ബോധവത്കരണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു.
പുനരുപയോഗം സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണവും വില്പനയും തടയാൻ തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണബോർഡും നടപടി സ്വീകരിക്കണമെന്നും ഇതിനായി സംയുക്തമായും അല്ലാതെയും പരിശോധന നടത്തണം.
മാളുകൾ, മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തണം. നിർമ്മാണ കേന്ദ്രങ്ങളിലും പരിശോധന നടത്തണം