കൊച്ചി: കോഴിക്കോട് ചെറുവണ്ണൂരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അശ്രദ്ധവും അപകടകരവുമായ രീതിയിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്. ബസ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.(High court against school student being hit by a bus)
മാധ്യമങ്ങള്‍ നല്‍കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. സഞ്ജു ടെക്കിയുടെ യൂട്യൂബ് വീഡിയോ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കൈമാറിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.
കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.