ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തി. അഡീഷണൽ സെഷൻ കോടതിയാണ് ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത്. ഇതോടെ ഹൈറിച്ചിന്റെയും ഹൈറിച്ച് മുതലാളിമാരുടെയും സ്വത്തുക്കള്‍ കലക്ടറുടെ കൈവശത്തിലാകും. ഏകദേശം ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
കളക്ടർ താത്കാലികമായി ജപ്തിചെയ്ത നടപടിയാണ് മൂന്നാം അഡീഷണൽ സെഷൻസ് കോടതി സ്ഥിരപ്പെടുത്തിയത്. 67 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളും ഭൂസ്വത്തും ഇതിൽ ഉൾപ്പെടുന്നു. കേസിൽ ഹൈറിച്ച് കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് സ്ഥിരപ്പെടുത്തണമെന്ന സർക്കാരിന്റെ അപേക്ഷയിലാണിപ്പോൾ കോടതി വിധി ഉണ്ടായിരിക്കുന്നത്. സ്വത്ത് സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ വാദം കോടതി അംഗീകരിക്കുകയും സ്വത്ത് സർക്കാരിലേക്കെടുക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.
ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇഡിയും ക്രൈം ബ്രാഞ്ചുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിൻെറ സാമ്പത്തിക അന്വേഷണ വിഭാഗമാണ് കേസുകള്‍ അന്വേഷിക്കുന്നത്. ആകെ 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലിസിൻെറ പ്രാഥമിക നിഗമനം.