സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. അതേസമയം കൊച്ചിയിൽ അനുഭവപ്പെട്ടത് മേഘസ്ഫോടനമാണെന്ന് സംശയിക്കുന്നതായി കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലി മീറ്റർ മഴയാണ്.
വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി മരം മുറിച്ച് മാറ്റുന്നത് തുടരുകയാണ്.
അതേസമയം കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.അതേസമയം ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടർന്നാണ് മരം കടപുഴകി വീണത്.
വീഡിയോ കാണാം:
Read More: നിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ പാമ്പ്? യുവതിയെ കടിച്ചതായി സംശയം, ആയുര്‍വേദ ഡോക്ടര്‍ ആശുപത്രിയില്‍