തിരുവനന്തപുരം: പൊള്ളുന്ന കൊടും ചൂടിനിടെ ആശ്വാസവാർത്ത. കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്നു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
മാർച്ച് മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ കിട്ടാൽ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത കൽപ്പിക്കുന്നു. തെക്കൻ കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.