കോഴിക്കോട്: കനത്ത മഴയെ തുടർന്ന് 10 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് അവധി.
പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ തുടങ്ങിയവക്കാണ് അവധി. അതേസമയം സർവകലാശാല പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല.
കാസർകോട്
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (മേയ് 26) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും അറിയിപ്പിലുണ്ട്.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവ നാളെ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വയനാട്
വയനാട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, മദ്രസകൾ, സ്പെഷൽ ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ (മേയ് 26) ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല.
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
തൃശൂർ
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മേയ് 26ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും നാളെ (മേയ് 26) ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല
എറണാകുളം
ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
ഇടുക്കി
ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കോട്ടയം
അതിതീവ്രമഴ സാധ്യതയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട
കനത്ത മഴയുടെ സാഹചര്യത്തിൽ തിങ്കളാഴ്ച അങ്കണവാടികൾ, സ്കൂളുകൾ, പ്രഫഷനൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു.