തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ആണ് സാധ്യത. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. .
14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം എവിടെയും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.
അതേസമയം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളം ഉയർന്നു. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മോശം കാലാവസ്ഥ മൂലം രണ്ടു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. നഗരത്തിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്.