സംസ്ഥാനത്ത് ഉഷ്ണ തരംഗം രൂക്ഷമാകുമ്പോൾ ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും മുഴുവൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും മെയ് 6 വരെ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. ഉഷ്ണ തരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത് നേരത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 6 വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഉഷ്ണതരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പകൽ 11 മണി മുതൽ ഉച്ചതിരിഞ്ഞ് 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. വെയിലിൽ പണിയെടുക്കുന്ന ആളുകൾ ഈ സമയത്ത് ചൂട് ഏൽക്കാത്ത വിധം തങ്ങളുടെ ജോലി സമയം ക്രമീകരിക്കണം. അവധിക്കാലത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ക്യാമ്പ് പോലെയുള്ള പരിപാടികൾ ഈ സമയങ്ങളിൽ നടത്തരുതെന്നും യോഗത്തിൽ നിർദ്ദേശിച്ചു.