തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കും. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയിൽ തുന്നിച്ചേർക്കാൻ പോകുന്നത്.Heart transplant surgery will be done for the first time at Sreechitra Institute
ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള സജ്ജീകരണങ്ങൾ നേരത്തെ തന്നെ ശ്രീചിത്രയിൽ ഒരുക്കിയിരുന്നു. ലൈസൻസ് അടക്കമുള്ള ക്രമീകരണങ്ങൾ പൂർത്തിയായത് കഴിഞ്ഞമാസമാണ്. ഇതിന് പിന്നാലെയാണ് ആദ്യ ശസ്ത്രക്രിയ നടക്കുന്നത്. 12 വയസുള്ള തിരുവനന്തപുരം സ്വദേശിയായ അനുഷ്‌ക എന്ന പെൺകുട്ടിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാനി എന്ന അധ്യാപികയുടെ ഹൃദയമാണ് പെൺകുട്ടിയിൽ തുന്നിപിടിപ്പിക്കുന്നത്.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇവർക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടർന്ന് അവയവദാനത്തിന് അധ്യാപികയുടെ ബന്ധുക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ഉൾപ്പെടെ അഞ്ചു അവയവങ്ങളാണ് പലർക്കുമായി ദാനം ചെയ്യുന്നത്.
അൽപ്പസമയം മുൻപാണ് കിംസ് ആശുപത്രിയിൽ നിന്ന് ഹൃദയവുമായുള്ള ആംബുലൻസ് ശ്രീചിത്രയിലേക്ക് പുറപ്പെട്ടത്. പൊലീസ് എസ്‌കോർട്ടോടെ മൂന്ന് മിനിറ്റിനകം ആംബുലൻസിൽ കൊണ്ടുപോയ ഹൃദയം ശ്രീചിത്രയിൽ എത്തിക്കാൻ കഴിഞ്ഞു. കാർഡിയോ മയോപ്പതി എന്ന രോഗം ബാധിച്ച കുട്ടിയാണ് അനുഷ്‌ക. രക്തം പമ്പ് ചെയ്യുന്നതിന് അടക്കമുള്ള പ്രയാസമാണ് കാർഡിയോ മയോപ്പതി.