തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ്. രാഷ്ട്രീയ ഗൂഢാലോചന തള്ളിയാണ് പോലീസ് കുറ്റപത്രം നൽകിയത്. സാമ്പത്തികലാഭം ലക്ഷ്യമിട്ട് മുന്‍ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് മാത്രമെന്ന് പൊലീസ് പറഞ്ഞു.(health ministry office bribe allegations Charge sheet filed)
തട്ടിപ്പില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നും സ്ഥിരീകരിച്ചാണ് കുറ്റപത്രം നല്‍കിയത്. മകന്റെ ഭാര്യയുടെ ജോലിക്കായി മന്ത്രി വീണാ ജോര്‍ജിന്റെ പി.എയ്ക്ക് കോഴ നല്‍കിയെന്ന ആരോപണവുമായി മലപ്പുറം സ്വദേശി ഹരിദാസൻ ആണ് രംഗത്തെത്തിയത്. ഹരിദാസന്‍ സെക്രട്ടേറിയറ്റിലെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ മന്ത്രിയുടെ രാജി ആവശ്യം ശക്തമായി. എന്നാൽ പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ തന്നെ മൊഴി തിരുത്തി.
കൻ്റോൺമെൻ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വീണാ ജോര്‍ജിനും പി.എ അഖില്‍ മാത്യുവിനും ക്ളീന്‍ചീറ്റ് നല്‍കിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഹരിദാസന്റെ സുഹൃത്തായ മുന്‍ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിത്, സുഹൃത്തുക്കളായ ലെനിന്‍ രാജ്, റയീസ്, പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവ് എന്നിവര്‍ മാത്രമാണ് പ്രതികള്‍.