മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെയുള്ള കോഴ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം നൽകിയ വിവരം മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി പരാതിക്കാരന്റെ സുഹൃത്തും സിപിഐ വിദ്യാര്‍ഥി സംഘടനയുടെ നേതാവുമായിരുന്ന കെ പി ബാസിത് വ്യക്തമാക്കി. പരാതി നൽകുന്ന വിവരം എസ് എം എസ് മുഖേന അഖിൽ മാത്യുവിനെ അറിയിച്ചു. വിവരം ഓഗസ്റ്റ് 17 നു ആണ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. പരാതി നൽകാനായി മന്ത്രിയുടെ ഓഫീസിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളും ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവ് അടക്കമുള്ളവരെ പരാതി ബോധിപ്പിച്ചുവെന്നും ബാസിത് പറഞ്ഞു.
നിയമനത്തിൽ തട്ടിപ്പു നടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ബാസിത് അഖില്‍ മാത്യുവിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാൽ അഖിലിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഇല്ലാതെ ആയതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ തീരുമാനിച്ചത്. ഓഫീസിലെത്തി വിവരം മന്ത്രിയുടെ അഡ്വ. കെ സജീവനെ ബോധിപ്പിച്ചപ്പോൾ രേഖാമൂലം പരാതി നല്‍കാനായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് പരാതി മെയിൽ അയച്ചു. പരാതി കൈപ്പറ്റിയതായി സെപ്റ്റംബര്‍ 13-ന് അറിയിപ്പും ലഭിച്ചുവെന്നും ബാസിത് വ്യക്തമാക്കി.
മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.
താല്‍ക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേർത്ത് 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
Also Read:മെഡിക്കല്‍ ഓഫീസര്‍ നിയമനം: ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം