വീട്ടമ്മക്ക് അമീബിക് മസ്തിഷ്ക ജ്വരം; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്;
കണ്ണമംഗലത്ത് വീട്ടമ്മയ്ക്ക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി.
ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതയായ സ്ത്രീ സ്ഥിരമായി കുളിച്ചിരുന്നത് തൊട്ടടുത്ത തോട്ടിലെ വെള്ളത്തിലായിരുന്നു.
പനി ബാധിച്ച് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. ഇവർ ഇപ്പോൾ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഇന്നലെയാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
രോഗി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് 200 വീഡുകളില്‍ സര്‍വേ നടത്തിയെങ്കിലും മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
വാർഡിലെ തോടുകൾ, കുളങ്ങൾ എന്നിവയിൽ ഇറങ്ങുന്നതും, കുളിക്കുന്നതും നീന്തുന്നതും, അലക്കുന്നതും കർശനമായി നിരോധിച്ചതായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ എന്നിവർ അറിയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം
കെട്ടിക്കിടക്കുന്നതും ഒഴുക്കുള്ളതുമായ ജല സ്രോതസില്‍ നിന്നും അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.
അമീബിക് മസ്തിഷ്ക ജ്വരം: രോഗ നിർണയത്തിൽ സുപ്രധാന ചുവടുവെപ്പുമായി ആരോഗ്യ വകുപ്പ്; ആദ്യത്തെ അമീബയുടെ രോഗസ്ഥിരീകരണം നടത്തി
അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നേരത്തെ പി.ജി.ഐ ചണ്ഡിഗഢിലായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകും.
അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അഞ്ച് തരം അമീബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പി.സി.ആർ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ സ്ഥീരികരിച്ചത്.
ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.









