കറുത്ത പിള്ളേരെ ഇഷ്ടമല്ല, ജാതിയിൽ താഴ്ന്ന നീയൊന്നും പഠിച്ചിട്ടു കാര്യമില്ല…പ്രഥമാധ്യാപികയ്ക്കെതിരെ കേസ് എടുത്ത് പോലീസ്
ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ജാതീയമായും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചെന്നും ദേഹോപദ്രവമേൽപ്പിച്ചെന്നുമുള്ള പരാതിയിൽ പ്രഥമാദ്ധ്യാപികയ്ക്കെതിരെ കേസ് എടുത്തു. ഹരിപ്പാട് പള്ളിപ്പാട് പേർകാട് എം.എസ്.സി എൽ.പി സ്കൂളിലെ ഗ്രേസിക്കെതിരെ (55)യാണ് എസ്.സി, എസ്.ടി അത്രിക്രമം തടയൽ വകുപ്പ് പ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി.
നാലാംക്ലാസിന്റെ ചാർജുള്ള അദ്ധ്യാപിക കൂടിയാണ് ഗ്രേസി. കറുത്തവരെ പഠിപ്പിക്കില്ലെന്നും ജാതിയിൽ താഴ്ന്ന നീയൊന്നും പഠിച്ചിട്ടു കാര്യമില്ലെന്നും പറഞ്ഞ് പലതവണ അവഹേളിച്ചതായാണ് വിദ്യാർത്ഥിയുടെ മാതാവും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ പള്ളിപ്പാട് മീനാക്ഷി വീട്ടിൽ ശാലിനി മനോജ് നൽകിയ പരാതിയിൽ പറയുന്നത്. പൊലീസിലും വിദ്യാഭ്യാസവകുപ്പ് അധികൃതർക്കും പരാതി നൽകി.
പരാതിക്കാരിയുടെ മകനും ഭർതൃസഹോദരന്റെ മകനുമാണ് അധിക്ഷേപം നേരിട്ടതെന്ന് പരാതിയിൽ പറയുന്നു. ജൂൺ 18ന് ക്ലാസ് മുറിയിൽ വച്ച് രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടിയെ അടിച്ചും കവിളിൽ കുത്തിയും കൈകളിൽ പിച്ചിയും വേദനിപ്പിച്ചെന്നും ഇവർ നൽകിയ പരാതിയിലുണ്ട്. സംഭവം അന്വേഷിക്കാൻ സ്കൂളിലെത്തിയ തന്നെയും ജാതീയമായി അധിക്ഷേപിക്കുകയും കറുത്ത പിള്ളേരെ ഇഷ്ടമല്ലെന്ന് പറഞ്ഞെന്നും പരാതിയിലുണ്ട്.
രാജിക്കത്ത് നൽകി
സംഭവം വിവാദമായതോടെ പ്രഥമാദ്ധ്യാപിക അവധിയിൽ പ്രവേശിച്ചു. മുമ്പ് സ്കൂളിലുണ്ടായിരുന്ന താത്‌കാലിക അദ്ധ്യാപകന് തന്നോടുള്ള വൈരാഗ്യം നിമിത്തം കെട്ടിച്ചമച്ച കഥയാണ് ഇതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാജിക്കത്ത് എ.ഇ.ഒയ്ക്ക് നൽകിയതായും പ്രഥമാദ്ധ്യാപിക പറഞ്ഞു. പരാതി നൽകാതിരിക്കാൻ വിദ്യാർത്ഥിയുടെ കുടുംബം തന്നോട് അഞ്ചു ലക്ഷം രൂപ അവശ്യപ്പെട്ടിരുന്നെന്നും ഇവർ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ തന്നെ നിരന്തരം അവഹേളിക്കുന്ന മുൻ അദ്ധ്യാപകനെതിരെ ജില്ല പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടുണ്ട്.
വേടന് എതിരായ ജാതീയ അധിക്ഷേപം; മധുവിനെതിരെ പരാതി
കൊല്ലം: റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ ആർ മധുവിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം ജില്ല പൊലീസ് സൂപ്രണ്ടിന് ആണ് പരാതി നൽകിയത്.
സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമമാണ് മധു നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വേടൻ്റെ പരിപാടിയിൽ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന് ഉദ്ദേശിച്ചാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
റാപ്പർ വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു മധു പറഞ്ഞത്. വേടന്റെ പാട്ട് വിഘടനവാദം പ്രചരിപ്പിക്കുന്ന, വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ് എന്നായിരുന്നു മധുവിന്റെ വിമർശനം.
വേടനെന്ന കലാകാരന് പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‍നം കണ്ട് കഴിയുന്ന ശക്തികൾ ആണെന്നും മധു ആരോപിച്ചിരുന്നു.
English Summary :
A case has been registered against a headmistress for allegedly abusing Scheduled Caste students over caste and skin color and physically assaulting them.
headmistress-booked-casteist-abuse-sc-students
SC-ST, caste discrimination, student abuse, headmistress case, police action