ലക്നൗ: ചിത്രകൂടിൽ യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 2.5 കിലോയോളം ഭാരം വരുന്ന മുടിയിഴകൾ നീക്കം ചെയ്ത് ഡോക്ടർമാർ.
അടുത്തിടെ പ്രസവം കഴിഞ്ഞ 25 കാരിയായ യുവതി കഠിനമായ വയറു വേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്.
ഡോക്ടർമാർ മരുന്നുകൾ കൊടുത്തെങ്കിലും വയറു വേദനയ്‌ക്ക് ശമനമായില്ല. പിന്നീട് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് വയറു വേദനയുടെ യഥാർഥ കാരണം കണ്ടെത്തിയത്.
യുവതിയുടെ വയറിനുളളിൽ രോമത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിശദമായി ചോദിച്ചപ്പോഴാണ് തനിക്ക് ഉണ്ടായിരുന്ന വിചിത്ര സ്വഭാവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്. ഗർഭിണിയായിരിക്കുമ്പോൾ മുടി തിന്നുമായിരുന്നു. സ്വന്തം മുടി മാത്രമല്ല മറ്റുളളവരുടെയും മുടി തിന്നാൻ തുടങ്ങിയതോടെ പ്രശ്നം വഷളായി. പ്രസവശേഷം ഈ ശീലം നിർത്തിയെങ്കിലും പിന്നീട് അത് അസ്വസ്ഥതകൾക്ക് കാരണമാകുകയായിരുന്നു.
45 മിനിറ്റ് നീണ്ട ഓപ്പറേഷനിലാണ് 2.5 കിലോയോളം മുടി യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത്. യുവതിയുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ശീലമായിരുന്നു ഇതെന്ന് ഡോക്ടർമാർ പറഞ്ഞു.
ട്രൈക്കോഫാഗിയ എന്ന അപൂർവ്വ രോഗാവസ്ഥയാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ആശുപത്രിയിലെ ഡോ. നിർമല ഗേഹാനി പറയുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കാമെന്നും ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Read Also:സർവത്ര മായം;അതിര്‍ത്തിഗ്രാമങ്ങളില്‍ സ്ഥിതി ഗുരുതരം; പരിശോധന പേരിനുപോലുമില്ല; എന്തും സംഭവിക്കാം