തിരുവനന്തപുരം: സോഷ്യൽമീഡിയ ഇടപെടലുകൾക്ക് സ്വന്തം നിലക്ക് സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് വിശദാംശങ്ങൾ നിയമസഭയിൽ പോലും പുറത്തുവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ.Has the Chief Minister appointed his own team for social media activities?
2024 ഫെബ്രുവരിയിലും 2024 ജൂണിലുമായി നടന്ന സമ്മേളനങ്ങളിൽ ഇത് സംബന്ധിച്ച് ചോദ്യങ്ങൾ പ്രതിപക്ഷാംഗങ്ങൾ നൽകിയെങ്കിലും ഇനിയും മറുപടി നൽകിയിട്ടില്ല.
ഇതിനു പുറമേ, 2023 മാർച്ചിൽ ചേർന്ന സമ്മേളനത്തിൽ സി-ഡിറ്റിന്റെ ഡിജിറ്റല് മീഡിയ കണ്സൽട്ടന്റിനെ കുറിച്ച് നൽകിയ ചോദ്യവും ഉത്തരമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
എ.പി. അനിൽകുമാർ എം.എൽ.എയാണ് വിഷയം നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി നിയമസഭയുടെ ശ്രദ്ധയിൽ പെടുത്തുന്നത്. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾക്കായി അനുവദിച്ച തുക ഇനം തിരിച്ച് വിശദമാക്കുമോ എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം.
ഈ ടീമിൽ നിലവിൽ പ്രവർത്തിക്കുന്നവരുടെ പേരും തസ്തികയും ശമ്പളവും വിദ്യാഭ്യാസ യോഗ്യതയും ഓരോരുത്തരെയും നിയമിച്ച തീയതിയും വ്യക്തമാക്കുമോ എന്നതായിരുന്നു മറ്റൊന്ന്.
മുൻ സർക്കാറിന്റെ കാലം മുതൽ ഇതുവരെ പ്രസ്തുത ടീമിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുക എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കുമോ എന്നതും ചോദ്യത്തിലുണ്ടായിരുന്നു.
2024ൽ ഫെബ്രുവരിയിൽ 12 ന് മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങളുടെ കൂട്ടത്തിൽ ഇതും ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും ഇപ്പോഴും നിയമസഭയുടെ വെബ്സൈറ്റിൽ ചോദ്യം അനാഥമായി കിടക്കുന്നു. ഇക്കഴിഞ്ഞ സമ്മേളനത്തിൽ മാത്യു കുഴൽനാടൻ വിഷയം വീണ്ടും ഉന്നയിച്ചു.
അതും നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി തന്നെ. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം എത്ര രൂപ ചെലവിട്ടെന്നതും സംഘത്തിലുള്ളവർ ആരൊക്കെയെന്നതും അടക്കം ആദ്യത്തേതിന് സമാനമായിരുന്നു ഇക്കുറിയും ചോദ്യങ്ങൾ.
2024 ജൂൺ 10ന് മുഖ്യമന്ത്രി മറുപടി പറയേണ്ട കൂട്ടത്തിൽ ഇതും ഉൾപ്പെടുത്തിയെങ്കിലും കോളം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു