കോഴിക്കോട്/ തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ ചാലക്കുടി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വാച്ചുമരം കോളനിയിലെ ആദിവാസി മൂപ്പൻ രാജന്റെ ഭാര്യ വത്സയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വനവിഭവങ്ങൾ ശേഖരിക്കുന്നതിനായിട്ടാണ് വത്സയും ഭർത്താവ് രാജനും കാട്ടിനുള്ളിൽ പോയത്. ഇന്നലെ ഉച്ചയോടെയാണ് കൊല്ലത്തിരുമേട് സ്റ്റേഷന് കീഴിലുള്ള നീളപ്പാറ വനമേഖലയിൽ വച്ച് ഇവരെ കാട്ടാന ആക്രമിച്ചത്. മരോട്ടിക്കായ പെറുക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം വത്സയെ ചവിട്ടിക്കൊല്ലുകയായിരുന്നു.
കാട്ടിൽ നിന്ന് പുറത്തെത്തിയ രാജൻ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയാണ് വത്സയുടെ മൃതദേഹം പുറത്തെത്തിച്ചത്. വത്സയുടെ സംസ്‌കാരച്ചടങ്ങുകൾ വനസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ നടക്കും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം വാഴച്ചാൽ ഡിഎഫ്ഒ ആദ്യഗഡു ധനസഹായം അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.
കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ, വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. മേഖലയിൽ കടകൾ അടച്ച് കരിദിനം ആചരിക്കാൻ കോൺഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.
തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുന്നു. എൽഡിഎഫ്, യുഡിഎഫ് മുന്നണികളാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ എട്ടു മണി മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
പാൽ, പത്രം, ആശുപത്രി, സ്‌കൂൾ വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ ഉണ്ടായിട്ടും പഞ്ചായത്ത് പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് എൽഡിഎഫ് അറിയിച്ചു.
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പാലാട്ടി എബ്രഹാമിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം കക്കയത്തേക്ക് കൊണ്ടുപോകും.
വൈകീട്ട് നാലുമണിയോടെ കക്കയം പള്ളിയിലാണ് സംസ്‌കാരം നടത്തുക. കുടുംബത്തിന് ഇന്ന് തന്നെ നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ കൈമാറാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കർഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.