ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ദേശീയ ടീമിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം വ്യത്യസ്തമായിരിക്കുമെന്ന് ഗാവസ്കർ പറഞ്ഞു. താരത്തിന്റെ ഐപിഎല്ലിലെ പ്രകടനം കാര്യമാക്കേണ്ടെന്നും സുനിൽ ഗാവസ്കർ പറഞ്ഞു.
‘‘ഐപിഎല്ലിൽ കളിക്കുന്നതും രാജ്യത്തിനായി ഇറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രാജ്യത്തിനായി കളിക്കുമ്പോൾ വ്യത്യസ്തമായ പ്രകടനമായിരിക്കും താരങ്ങളുടേത്. ഹാർദിക് പാണ്ഡ്യയും അങ്ങനെയായിരിക്കും. ഐപിഎല്ലിൽ താരത്തിന് ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മികച്ച രീതിയിലാണ് അതൊക്കെ കൈകാര്യം ചെയ്തത്. ഇന്ത്യയ്ക്കായി വിദേശ മണ്ണിൽ കളിക്കുമ്പോൾ പാണ്ഡ്യ തീർത്തും വ്യത്യസ്തനായൊരു താരമായിരിക്കും.’’ എന്നാണ് സുനിൽ ഗാവസ്കർ പറഞ്ഞത്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ മോശം പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. മുംബൈ ഇന്ത്യൻസിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ ഹാർദിക്കിനു സാധിച്ചിരുന്നില്ല. ഓൾറൗണ്ടറായ പാണ്ഡ്യയ്ക്ക് 10 മത്സരങ്ങളിൽനിന്ന് നാലു വിക്കറ്റുകൾ മാത്രമാണു നേടാൻ സാധിച്ചത്. 197 റൺസ് താരം അടിച്ചെടുത്തു.
ടീമിന്റെ കാര്യവും മോശമാണ്. പത്തു മത്സരങ്ങളിൽ ഏഴും തോറ്റ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ആറു പോയിന്റാണ് സീസണിൽ ഇതുവരെ മുംബൈ ഇന്ത്യൻസിനു നേടാൻ സാധിച്ചത്.
Read Also: കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ‘അപ്രത്യക്ഷ’നായി പ്രധാനമന്ത്രി നരേന്ദ്ര മോദി