മുംബൈ: ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മ സ്ഥാനം ഒഴിഞ്ഞാല്‍ ആരാകും പുതിയ ക്യാപ്ടൻ. കുറെ നാളുകളായി ക്രിക്കറ്റ് ലോകത്ത് നടക്കുന്ന ചർച്ചയാണ് ഇത്.ഹാര്‍ദ്ദിക് പാണ്ഡ്യ,
കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവരാണ് മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരങ്ങളായി പരിഗണിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയാകും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തലുകളെങ്കില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനായി തിളങ്ങാനാവാഞ്ഞതോടെ ഹാര്‍ദ്ദിക്കിന്‍റെ സാധ്യതകൾക്ക് മങ്ങലേറ്റിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ രോഹിത് ശര്‍മ യുഗത്തിനുശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സര്‍പ്രൈസ് പേര് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായ ശുഭ്മാന്‍ ഗില്ലിനെയാണ് റെയ്ന ഭാവി ഇന്ത്യന്‍ നായകനായി പ്രവചിച്ചിരിക്കുന്നത്. ആദ്യമായി ഐപിഎല്ലില്‍ ക്യാപ്റ്റനായ ഗില്ലിന് ഏഴ് കളികളില്‍ മൂന്ന് ജയങ്ങള്‍ മാത്രമെ നേടാനായിട്ടുള്ളൂവെങ്കിലും രോഹിത്തിന് ശേഷം ഗില്‍ ആകും ഇന്ത്യൻ ക്യാപ്റ്റനെന്ന് റെയ്ന പറയുന്നു. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ ഗില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ചിട്ടില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് പോയതോടെയാണ് ഗില്ലിനെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
ഇതൊക്കെയാണെങ്കിലും ഗില്‍ തന്നെയാകും അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന് റെയ്ന ഒരു ടെലിവിഷന്‍ ടോക് ഷോയില്‍ പറഞ്ഞു. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ കളിക്കുന്നുവെന്നതും ഗില്ലിന് അനുകൂല ഘടകമാകാനിടയുണ്ട്. നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. രോഹിത്തിന്‍റെ അഭാവത്തില്‍ രാഹുലും ബുമ്രയും മുമ്പ് ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടി20 ലോകകപ്പിനുശേഷം ഗില്ലിന് പുതിയ ചുമതലയേല്‍പ്പിക്കാന്‍ സെലക്ടര്‍മാര്‍ തയാറാവുമെന്നാണ് റെയ്നയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.