അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത്
ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നത് പതിറ്റാണ്ടുകളായി ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, നിലനിൽക്കുന്ന ഒരു സാമൂഹിക പ്രവണതയാണ്.
അതിദാരിദ്ര്യത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്ര ജീവിതം തന്നെ മാറ്റിമറിച്ച അനേകം പേരുടെ കഥകൾ ഇന്നും മലയാളികളുടെ ഇടയിൽ സജീവമാണ്.
ഇന്നും വിദേശ ജോലി എന്നുവച്ചാൽ മലയാളികൾക്ക് പ്രധാനമായും ഓർമ്മ വരുന്നത് ഗൾഫ് രാജ്യങ്ങളെയാണ്.
ഗൾഫ് മേഖലയിൽ സൗദി അറേബ്യയോടാണ് മലയാളികൾ അടക്കമുള്ള മിക്ക ഇന്ത്യക്കാർക്കും കൂടുതൽ അടുപ്പം.
ഇന്ത്യക്കാരെ മാത്രമല്ല, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളും ദിവസേന തൊഴിൽ തേടി സൗദിയിലെത്തുന്നു.
ഇങ്ങനെ ദക്ഷിണേഷ്യയിൽ നിന്നെത്തുന്ന കുടിയേറ്റ തൊഴിലാളികളെ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ‘റഫീഖ്’ എന്ന പേരിലാണ് പലപ്പോഴും വിളിക്കാറുള്ളത്.
അറബി ഭാഷയിൽ ‘റഫീഖ്’ എന്ന പദത്തിന് സുഹൃത്ത്, സഹയാത്രികൻ, പങ്കാളി എന്നീ അർത്ഥങ്ങളുണ്ട്. പരമ്പരാഗതമായി അപരിചിതനായ ഒരാളെ മാന്യമായി അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന പദമാണിത്.
എന്നാൽ ഈ പദം ഇന്ത്യക്കാരും പാകിസ്ഥാനികളും ബംഗ്ലാദേശികളും അടങ്ങുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട് വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയത് 1970-കളോടെയാണ്.
സൗദി അറേബ്യയിലെ എണ്ണ അധിഷ്ഠിത വികസനം ശക്തമായതോടെ നിർമ്മാണം, ഗതാഗതം, അറ്റകുറ്റപ്പണികൾ, ഗാർഹിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ തൊഴിലാളി ആവശ്യകത ഉണ്ടായി.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഇതോടെ സൗദിയിലേക്ക് ഒഴുകിയെത്തി.
വലിയ ജോലിസ്ഥലങ്ങളും ഭാഷാ തടസ്സങ്ങളും നിലനിന്നിരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ വ്യക്തിഗത പേരുകൾക്ക് പകരം ചില തൊഴിലുടമകളും മേൽനോട്ടക്കാരും ‘റഫീഖ്’ എന്ന പൊതുവാക്ക് ഉപയോഗിക്കാൻ തുടങ്ങി.
‘എന്റെ കൂടെയുള്ള തൊഴിലാളി’ അല്ലെങ്കിൽ ‘സഹായി’ എന്ന അർത്ഥത്തിലായിരുന്നു ഈ പ്രയോഗം.
എന്നാൽ 1980-കളിലും 90-കളിലും ചില സാഹചര്യങ്ങളിൽ ഈ പദം അപമാനകരമായ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു.
തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഇന്ത്യക്കാരെ ‘റഫീഖ്’ എന്ന പേരിൽ അവഹേളനപരമായും അശ്ലീലച്ചുവയോടെയും വിളിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പിന്നീട് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായതും സാമൂഹിക മാറ്റങ്ങൾ ഉണ്ടായതുമൊക്കെ ഈ പദത്തിന്റെ ഉപയോഗത്തിൽ മാറ്റം വരുത്തി.
അറബി സംസ്കാരത്തിൽ അപരിചിതരെ നേരിട്ട് ‘ഹേയ്’ അല്ലെങ്കിൽ ‘നിങ്ങൾ’ എന്ന് വിളിക്കുന്നത് മര്യാദയില്ലായ്മയായി കണക്കാക്കപ്പെടുന്നു.
അതിനാൽ തന്നെ ഇന്ന് ‘റഫീഖ്’ പോലുള്ള വാക്കുകൾ മാന്യമായ അഭിസംബോധനയായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും മാത്രമല്ല, അറബികൾ തമ്മിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നാണ് സാമൂഹികമാധ്യമങ്ങളിലെ അഭിപ്രായങ്ങൾ. ഇന്ത്യയിൽ ‘ഭായി സാബ്’ എന്ന പൊതുവിളിപ്പേരിനോട് ഇതിനെ ഉപമിക്കുന്നവരുമുണ്ട്.
‘റഫീഖ്’ എന്നതിന് പുറമെ ‘സദീഖ്’ എന്ന പദവും സുഹൃത്ത് എന്ന അർത്ഥത്തിൽ അറബികൾ അല്ലാത്തവരെ, പ്രത്യേകിച്ച് ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും, വിശേഷിപ്പിക്കാൻ ചില ഗൾഫ് മേഖലകളിൽ ഉപയോഗിക്കാറുണ്ട്.
English Summary
Working in Gulf countries has been a long-standing trend among Indians, especially Keralites. Saudi Arabia remains a preferred destination for South Asian migrant workers from India, Pakistan, and Bangladesh. These workers are often referred to as “Rafiq” in Gulf countries. The Arabic word “Rafiq” originally means friend or companion and was traditionally used as a respectful way to address strangers. During the oil boom of the 1970s, the term became commonly used for migrant workers due to large worksites and language barriers. Although it was sometimes used in a derogatory manner during the 1980s and 1990s, social changes and improved relations have restored its respectful connotation. Today, “Rafiq” and similar terms like “Sadiq” are widely used as polite forms of address, comparable to “Bhai Saab” in India.
gulf-rafiq-word-history-malayali-migrants
Gulf Jobs, Saudi Arabia, Rafiq Meaning, Malayali Migrants, Indian Workers Abroad, Gulf Migration, Arabic Words, South Asian Workers









